പാലക്കാട്: ബേക്കറികളിൽ ആറുമാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന. ഓരോ തരം ഉൽപന്നവും ആറു മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന നടത്തിയ ശേഷമേ വിൽപന നടത്താവൂ എന്ന, കേന്ദ്ര ഭക്ഷ്യസുരക്ഷ മന്ത്രാലയത്തിന് കീഴിലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യുടെ നിർദേശം. അപ്പോൾ, പഫ്സ് മുതൽ ജിലേബി വരെയും കട് ലെറ്റ് മുതൽ ഉണ്ണിയപ്പം വരെയും ദിവസേന നിർമിച്ച് കൊണ്ടുവെക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന എങ്ങനെയായിരിക്കുമെന്ന ചോദ്യമുയരുകയാണ്.
അതേസമയം എഫ്.എസ്.എസ്.എ.ഐ നിർദേശങ്ങൾ അപ്രായോഗികമാണെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പറയുന്നു. എതിർപ്പുയർത്തി സംഘടന 2006 ലെ കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായ നിർദേശമാണെങ്കിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും സജീവമാക്കിയത്. നിർദേശത്തിനെതിരെ രാജ്യത്തെ ബേക്കറി വ്യവസായ മേഖലയിലെ സംഘടകൾ രംഗത്തുവന്നതിനെത്തുടർന്ന് നടപടികൾ എഫ്.എസ്.എസ്.എ.ഐ താൽകാലികമായി നിറുത്തിവെച്ചു. എന്നാൽ, വൈകാതെ ഭാഗികമായെങ്കിലും നിർദേശം അംഗീകരിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പി.എം. ശങ്കരൻ പറഞ്ഞു.
ശരീരത്തിന് ഹാനികരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് അപായസാധ്യത കുറഞ്ഞവ, ഇടത്തരം അപായ സാധ്യത ഉള്ളവ, അപായ സാധ്യത കൂടിയവ എന്നീ ഗണത്തിലാണ് 2006 ലെ ഭക്ഷ്യ സുരക്ഷ നിയമത്തിൽ ഭക്ഷ്യഉൽപന്നങ്ങളെ വേർതിരിച്ചിട്ടുള്ളത്. ഇതിൽ അപായസാധ്യത കൂടിയ ഗണത്തിൽപ്പെട്ടവയാണ് ‘ചെറു കടികൾ’ വിഭാഗം ഉൾകൊള്ളുന്ന ‘തയാറാക്കിയ ഭക്ഷണ പദാർഥങ്ങ’ളും (പ്രിപയേഡ് ഫുഡ്) ഇന്ത്യൻ മധുരപലഹാരങ്ങളും ഉൾപ്പെടുക. ഇത്തരം ഭക്ഷണപദാർഥം ഉണ്ടാക്കുമ്പോൾ ഒരു ദിവസം ഉപയോഗിച്ച ചേരുവകളാവില്ല, മറ്റൊരു ദിവസം ചേർക്കുക. അതായത് എണ്ണ, മാവ്, മൈദ പോലുള്ളവ മാറി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്. ആറ് മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന നടത്തണമെന്ന നിർദേശം പാലിച്ചാലും ഫലം ഉണ്ടാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല സംസ്ഥാനത്തെ ആയിരക്കണക്കിന് ബേക്കറികളിലെ ഉൽപന്നങ്ങൾ പരിശോധിക്കാൻ മതിയായ നിലവാരത്തിലുള്ള ലാബ് ആവശ്യത്തിനില്ല. നാമമാത്രമായ അംഗീകൃത ലാബുകളിൽ പരിശോധനക്കായി ബേക്കറി ഉൽപന്നങ്ങൾ കുന്നുകൂടും. ഫലത്തിനായി എടുക്കുന്ന കാലയളവിൽ ആ ഉൽപന്നം ബേക്കറിയിൽ വിൽക്കാനാവില്ല.
ആറായിരം രൂപയോളം ഒരു ഉൽപന്നം പരിശോധിക്കാൻ ചെലവ് വരും. നൂറിലേറെ ഉൽപന്നങ്ങൾ ഇല്ലാത്ത ബേക്കറിയുണ്ടാവില്ല. അങ്ങനെ വരുമ്പോൾ ഒരു ബേക്കറിയിലെ പരിശോധനക്കുള്ള ചെലവ് ചുരുങ്ങിയത് ഒരു ലക്ഷമെങ്കിലും വരും. അതായത് വർഷം രണ്ടു ലക്ഷം രൂപ. ഈ ബാധ്യത ഉപഭോക്താവിലേക്കായിരിക്കും വരുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.