മോഡിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ; സര്‍ക്കാര്‍ നിലപാടല്ലെന്ന് തിരുത്തല്‍

മോഡിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ; സര്‍ക്കാര്‍ നിലപാടല്ലെന്ന് തിരുത്തല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോഡി കോമാളിയാണെന്നും ഇസ്രയേലിന്റെ പാവയാണെന്നുമുള്ള പരാമര്‍ശം എക്സിലൂടെ നടത്തിയത്്. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ട്വീറ്റ് പിന്‍വലിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സ്നോര്‍ക്കലിങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലിദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു.

ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിയുടെ വിവാദ പോസ്റ്റ്. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ 'ബോയ്ക്കോട്ട് മാല്‍ഡീവ്സ്' എന്ന പേരില്‍ ഹാഷ് ടാഗുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. മറിയം ഷിയുനയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാമര്‍ശത്തെ മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും അപലപിച്ചു.

മറിയം ഷിയുനയുടേത് മോശം ഭാഷ എന്ന തരത്തിലാണ് മുഹമ്മദ് നഷീദ് പ്രതികരിച്ചത്. മാലിദ്വീപിലെ മുഹമ്മദ് മുയിസു സര്‍ക്കാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. ഇത്തരം പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നിലപാടല്ല പ്രതിഫലിക്കുന്നതെന്ന് മാലിദ്വീപ് ഇന്ത്യയെ അറിയിക്കണമെന്നും മുഹമ്മദ് നഷീദ് എക്സില്‍ കുറിച്ചു.

അതേസമയം മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മാലിദ്വീപ് ഭരണകൂടം അറിയിച്ചു. പ്രസ്താവന മന്ത്രിയുടെ വ്യക്തിപരമായ പരാമര്‍ശം മാത്രമാണെന്നും മാലിദ്വീപ് സര്‍ക്കാര്‍ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.