കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു വരുന്ന മെത്രാന്‍ സിനഡില്‍ ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത്. വത്തിക്കാനിലും ഇതേസമയം പ്രഖ്യാപനമുണ്ടായി.
സീറോ മലബാര്‍ സഭാ സിനഡില്‍ പങ്കെടുക്കുന്ന 55 ബിഷപ്പുമാരില്‍ 53 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ മൂന്നില്‍ രണ്ട് ശതമാനം വോട്ട് ലഭിക്കുന്ന വ്യക്തിയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലെത്തുന്നത്.
ആദ്യ റൗണ്ടുകളില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അഞ്ച് പ്രാവശ്യം വരെ ഇത്തരത്തില്‍ വോട്ടെടുപ്പ് നടത്താമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ തന്നെ മാര്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി സീറോ മലബാര്‍ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇതോടെ ഏതാണ്ട് ഒരു മാസമായുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമായി. പതിവില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യമാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
1956 ഏപ്രില്‍ 21 നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ ബസിലിക്ക ഇടവകാംഗമാണ്. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രൊക്കുറേറ്റര്‍ എീ നിലകളിലും പ്രവര്‍ത്തിച്ച അദേഹം കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ്് വികാരിയായും സേവനം ചെയ്തിട്ടുുണ്ട്.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.
2010 ജനുവരി 18 ന് തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ ഇന്ത്യയില്‍ സിറോ മലബാര്‍ സഭയുടെ അധികാര പരിധിക്ക് പുറത്തുള്ള നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ട് ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാജ്യാന്തര കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി നിയമിതനായത്.
2017 ഒക്ടോബര്‍ പത്തിനാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ റാഫേല്‍ തട്ടില്‍ നിയമിതനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.