ഹെലികോപ്ടര്‍ വാടക: ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

ഹെലികോപ്ടര്‍ വാടക:  ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്.

ഡിജിപിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നല്‍കണം എന്നാണ് വ്യവസ്ഥ.
പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് ഒരേ സമയം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ കഴിയും. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

നേരത്തെ കോവിഡ് പ്രതിസന്ധിക്കിടെ 2020 ല്‍ ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തപ്പോള്‍ പല ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പവന്‍ ഹംസ് കമ്പനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തത്. ഇതില്‍ നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷ വിമര്‍ശനം വന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കരാര്‍ അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞ് 2023 ലാണ് സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ തീരുമാനിച്ചത്. ഇതും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ കരാറുമായി മുന്‍പോട്ട് പോകാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

മൂന്ന് വര്‍ഷത്തേക്കാണ് ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.