രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം; നാളെ നാഗാലാന്‍ഡില്‍

 രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം; നാളെ നാഗാലാന്‍ഡില്‍

ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം. തൗബാല്‍ ജില്ലയിലെ മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇംഫാലിലെത്തിയ രാഹുലും നേതാക്കളും തൗബാലിലെ ഖാന്‍ജോം യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സി.പി.ഐ, സി.പി.എം, ജെ.ഡി.യു, ശിവസേന, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്ഘാടനത്തില്‍ സംബന്ധിച്ചു. ബിഎസ്പി സസ്പെന്‍ഡ് ചെയ്ത ഡാനിഷ് അലി എം.പിയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചക്ക് 12 ന് യാത്ര ആരംഭിച്ച് ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ് മൂലം ഇംഫാലിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ പ്രതീക്ഷിച്ചതിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് രാഹുലും സംഘവും മണിപ്പൂരിലെത്തിയത്.

യാത്ര നാളെ നാഗാലാന്‍ഡില്‍ പ്രവേശിക്കും. 66 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മാര്‍ച്ച് അവസാന വാരം സമാപന സ്ഥലമായ മുംബൈയിലെത്തും. 15 സംസ്ഥാനങ്ങളിലൂടെ 6713 കിലോമീറ്ററാണ് രാഹുല്‍ സഞ്ചരിക്കുക. നേരത്തെ കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.