പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി

പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

അഞ്ച് മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐ.ടി., ടെക്സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കും. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയില്ല. അതിനനുസരിച്ചുള്ള ഗൗരവമായ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്മുറികളിലും പുറത്തും നടത്തുവാന്‍ അധ്യാപകര്‍ നേതൃത്വം നല്‍കണം.

ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം 2007 ലാണ് നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2013 ലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും 10 വര്‍ഷത്തിലേറെയായി ഇന്ന് നിലനില്‍ക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണുള്ളത്.

2007 ല്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നത് ഇപ്പോഴാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുകയെന്നും മന്ത്രി നയം വ്യക്തമാക്കി.

കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ചയും ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പും വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങളും സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്ന് കിട്ടുന്ന പ്രാപ്യതയും അവസരങ്ങളും പാഠ്യ പദ്ധതിയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.

പരിഷ്‌കരണത്തിന് മുന്നോടിയായി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി 'കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹ ചര്‍ച്ചയ്ക്കായുള്ള കുറിപ്പുകള്‍' എന്ന കൈപ്പുസ്തകം എസ്.സി.ഇ.ആര്‍.ടി തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.