ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിവസം പിന്നിടുമ്പോള്‍ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഇറാന്‍ പിന്തുണയുള്ള മുസ്ലീം സായുധ ഗ്രൂപ്പായ ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണമാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയത്.
ഹൂതികളും അമേരിക്കന്‍ നാവിക സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. ചെങ്കടലില്‍ ഹൂതികളെ തുരത്താന്‍ കൂടുതല്‍ ശക്തമായ ഓപ്പറേഷന് ഒരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ആദ്യപടിയെന്നോണം രണ്ട് വര്‍ഷത്തിന് ശേഷം ഹൂതികളെ വീണ്ടും ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.
ഇതോടെ ഹൂതികളുടെ ഫണ്ട് മരവിപ്പിക്കാന്‍ യു.എസ് ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും അതിലുള്ള അംഗങ്ങളെ യുഎസില്‍ നിന്ന് വിലക്കുകയും ചെയ്യും. 30 ദിവസത്തിനുള്ളില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. അമേരിക്കയുടെ പുതിയ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ട്.
പശ്ചിമേഷ്യയെ കടുതല്‍ സംഘര്‍ഷ ഭരിതമാക്കുന്ന മറ്റൊന്ന് ഇറാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണമാണ്. 103 പേരുടെ മരണത്തിനിടയാക്കിയ ജനുവരി മൂന്നിലെ ഭീകരാക്രമണത്തിന്റെ മറുപടിയെന്നോണം സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളെയും പാകിസ്ഥാനിലെ ജെയ്‌ഷെ അല്‍ അദ്ല്‍ എന്ന ബലൂച് തീവ്രവാദ സംഘടനയെയും ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ പായിച്ചു.
ബലൂചിസ്ഥാനിലെ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂര്‍ച്ഛിക്കാന്‍ കാരണമായി. പാകിസ്താനിലെ ഇറാന്‍ അംബാസഡറെ വിളിപ്പിച്ച് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി. ഇറാഖില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനു നേരെയും ആക്രമണമുണ്ടായി. ഇതിനെതിരെ ഇറാഖ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കും യെമനിലെ ഹൂതികള്‍ക്കും നേരെ ഇസ്രയേലും ആക്രമണം നടത്തുന്നുണ്ട്. ഫലത്തില്‍, പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഇസ്രയേല്‍, പാലസ്തീന്‍, ഇറാന്‍, ഇറാഖ്, സിറിയ, യമന്‍, ലബനന്‍ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘര്‍ഷം ബാധിച്ചു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.