ഞൊടിയിടയില്‍ പാന്റും ബാന്‍ഡും സംഘടിപ്പിച്ച് പ്രവര്‍ത്തകര്‍ക്ക് ജാമ്യമെടുത്ത് ചാണ്ടി ഉമ്മന്‍

 ഞൊടിയിടയില്‍ പാന്റും ബാന്‍ഡും സംഘടിപ്പിച്ച്  പ്രവര്‍ത്തകര്‍ക്ക് ജാമ്യമെടുത്ത് ചാണ്ടി ഉമ്മന്‍

കൊല്ലം: പെട്ടന്നൊരു പാന്റും ബാന്‍ഡും സംഘടിപ്പിച്ച് ചാണ്ടി ഉമ്മന്‍ ഞൊടിയിടയില്‍ വക്കീലായി കോടതിയിലെത്തി. ധരിച്ചിരുന്നത് വെള്ള ഷര്‍ട്ടായതിനാല്‍ അത് കടമെടുക്കേണ്ടി വന്നില്ല.

കഴിഞ്ഞ ദിവസം കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ കേസില്‍ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പ്രവര്‍ത്തകര്‍ക്ക് ജാമ്യമെടുക്കാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോടതിയില്‍ എത്തിയത്. ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.

പന്മന ഗ്രാമപ്പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുവെന്നു ജില്ലാ പ്രസിഡന്റ് ആര്‍. അരുണ്‍രാജ് അറിയിച്ചതിനെത്തുടര്‍ന്നാണു സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം കേസില്‍ ഹാജരായത്.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ചാണ്ടി ഉമ്മന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ. ജോയിമോന്റെ പാന്റും മറ്റൊരു അഭിഭാഷകന്റെ കഴുത്തിലണിയുന്ന ബാന്‍ഡും ധരിച്ചാണു കോടതി മുറിയിലെത്തിയത്. കോവിഡ് കാലം ആയതിനാല്‍ കോട്ടും ഗൗണും നിര്‍ബന്ധമല്ലാത്തത് ഗുണമായി.

യൂത്ത് കോണ്‍ഗ്രസ് ചവറ ബ്ലോക്ക് സെക്രട്ടറിമാരായ റിനോസ്ഷാ, രതീഷ് പുന്തല, യൂത്ത് കോണ്‍ഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് ഐ.മുനീര്‍, വടക്കുംതല മണ്ഡലം പ്രസിഡന്റ് ഷെബീര്‍ഖാന്‍, കെഎസ്യു ജില്ലാ സെക്രട്ടറി എസ്.പി അതുല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.