റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായി ബി. സന്ധ്യയെ നിയമിക്കും; കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം

റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായി ബി. സന്ധ്യയെ നിയമിക്കും; കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം

തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായി റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ഇ. ജി ഗോര്‍ഡനെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരായി അഡ്വ. അജിത് വിശ്വനാഥന്‍, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിന്‍ എന്നിവരെയും നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

കളമശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് കൂടി അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി 2022 ഒക്ടോബര്‍ 25 ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 2022 ഒക്ടോബര്‍ 25 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. എല്‍ഡി ടൈപ്പിസ്റ്റ്, അറ്റന്റന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകള്‍ വര്‍ക്കിങ്ങ് അറേജ്മെന്റ് മുഖേനയോ റീ ഡിപ്ലോയിമെന്റ് വഴിയോ നികത്തും.

ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച, ശിക്ഷായിളവ് കൂടാതെ പകുതി തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മന്ത്രിസഭാ യോഗം അംഗീകരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.