ചന്ദ്രനിലിറങ്ങാന്‍ ജപ്പാന്റെ സ്ലിം പേടകം; ലാന്‍ഡിങ് ഇന്ന് രാത്രി: ആകാംക്ഷയോടെ ലോകം

ചന്ദ്രനിലിറങ്ങാന്‍ ജപ്പാന്റെ സ്ലിം പേടകം; ലാന്‍ഡിങ് ഇന്ന് രാത്രി: ആകാംക്ഷയോടെ ലോകം

ടോക്യോ: ജപ്പാന്റെ ചാന്ദ്രദൗത്യമായ 'സ്ലിം' ബഹിരാകാശ പേടകം ഇന്ന് രാത്രിയോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) ആദ്യമായാണ് ചന്ദ്രനില്‍ പേടകമിറക്കാനൊരുങ്ങുന്നത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിനാണ് എച്ച്-2 റോക്കറ്റില്‍ സ്ലിം അഥവാ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ വിക്ഷേപിച്ചത്. ഡിസംബര്‍ 25നാണ് സ്ലിം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

സ്ലിം അതിന്റെ ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച് ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തി. ഈ ഫോട്ടോഗ്രാഫുകള്‍ ലാന്‍ഡറിന്റെ ഇറക്കം നാവിഗേറ്റ് ചെയ്യുന്നതിലും ഭാവി ദൗത്യങ്ങള്‍ക്കായി വിലപ്പെട്ട ഡാറ്റ നല്‍കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും.

'ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു മുന്നോടിയായി വേഗത കുറയ്ക്കുന്ന 20 മിനിറ്റ് ഏറെ സങ്കീര്‍ണമായിരിക്കുമെന്ന് സ്ലിം മിഷന്റെ സബ് പ്രോജക്റ്റ് മാനേജര്‍ കെന്‍ജി കുഷികി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ സമയം എട്ടരയോടെ ലാന്‍ഡിങ്ങിനുള്ള ശ്രമം ആരംഭിക്കും.

ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നാലെയാണ് മറ്റൊരു ഏഷ്യന്‍ രാജ്യം കൂടി ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്നത്. 200 കിലോഗ്രാം ഭാരമുള്ള വളരെ ചെറിയ ബഹിരാകാശ പേടകമാണ് സ്ലിം. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് ജാക്സ പറഞ്ഞു.

ചന്ദ്രനില്‍ എളുപ്പമുള്ള സ്ഥലത്ത് ഇറങ്ങുന്നതിന് പകരം എവിടെ വേണമെങ്കിലും ഇറങ്ങാനാകുന്ന 'പിന്‍ പോയിന്റ്' ലാന്‍ഡിങ് സാങ്കേതികവിദ്യയാണ് ജപ്പാന്‍ പരീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക. ഈ ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ മറ്റ് ഗ്രഹങ്ങളിലും ലാന്‍ഡിങ് സാധ്യമാകുമെന്നും ജപ്പാന്‍ പ്രതീക്ഷിക്കുന്നു.

സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡിങ് നടത്തിയ രാജ്യങ്ങള്‍. അതേസമയം, നാസയുടെ സഹകരണത്തോടെ അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആസ്‌ട്രോബോട്ടിക് ടെക്‌നോളജി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള പദ്ധതി പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.