രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹട്ടിയില്‍; അനുമതി നിഷേധിച്ച് അസം സര്‍ക്കാര്‍, കനത്ത സുരക്ഷ

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹട്ടിയില്‍; അനുമതി നിഷേധിച്ച് അസം സര്‍ക്കാര്‍, കനത്ത സുരക്ഷ

ഗുവാഹട്ടി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹട്ടിയിലെത്തും. അസം സര്‍ക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹട്ടിയില്‍ എത്തുന്നത്.

പ്രസ് ക്ലബ്ബില്‍ വെച്ചുള്ള വാര്‍ത്താ സമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കാംരൂപില്‍ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും.

ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇന്നലെ അസമില്‍ ബടദ്രവ ക്ഷേത്രം സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെയും ഒപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

രാഹുല്‍ഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്‌ക്കെതിരെ അസമില്‍ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡില്‍ ന്യായ് യാത്രാ ബസ് കടന്നു പോകാന്‍ സാധിക്കാത്ത വിധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. സംഘര്‍ഷ സാധ്യത മൂലം മോറിഗാവില്‍ പൊതുപരിപാടിക്കും പദയാത്രയ്ക്കും പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നുള്ള കോണ്‍ഗ്രസ്-ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് യാത്ര ഇന്ന് ഗുവാഹട്ടിയില്‍ എത്തുന്നത്. വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍ നടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. സംഘര്‍ഷ സാഹചര്യത്തില്‍ യാത്രയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.