റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ അനുമതി; ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യൂ കുഴല്‍നാടന്‍

റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ അനുമതി; ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യൂ കുഴല്‍നാടന്‍

മൂന്നാര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലുള്ള റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കും. മാത്യു കുഴല്‍നാടന്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി മതില്‍ കെട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

എന്നാല്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയെന്നത് അടിസ്ഥാന രഹിതമാണ്. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തിയാണ് കെട്ടിയത്.

നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. സുഹൃത്തിന്റെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അപ്പോള്‍ അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

അതേസമയം മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗം ശരിവച്ചിരുന്നു. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക ഭൂമി മാത്യു കുഴല്‍നാടന്റെ പക്കലുണ്ട്. വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലന്‍സ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.