കൈ വിട്ട് വീണ്ടും കാവിയണിഞ്ഞ് ജഗദീഷ് ഷെട്ടാര്‍

കൈ വിട്ട് വീണ്ടും കാവിയണിഞ്ഞ് ജഗദീഷ് ഷെട്ടാര്‍

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിക്ഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അദേഹം ബിജെപിയിലായിരിക്കുമ്പോള്‍ പ്രതിനിധീകരിച്ച ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കര്‍ണാടകയില്‍ രാഷ്ട്രീയ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാവാണ് ഷെട്ടാര്‍.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ബി.എസ് യെദ്യൂരപ്പ, അദേഹത്തിന്റെ മകനും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായ ബി.വൈ വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് 67 കാരനായ ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തിയത്.

'മുന്‍കാലങ്ങളില്‍ പാര്‍ട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ തന്നു. ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ കോണ്‍ഗ്രസിലേക്ക് പോയി. കഴിഞ്ഞ എട്ട് ഒമ്പത് മാസമായി ഒരുപാട് ചര്‍ച്ചകള്‍ നടന്നു. ബിജെപി പ്രവര്‍ത്തകര്‍ എന്നോട് ബിജെപിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു'- ഷെട്ടാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും അദേഹം കൂടിക്കാഴ്ച നടത്തി.

ആറ് തവണ എംഎല്‍എയായ ഷെട്ടാര്‍, 2012 നും 2013നും ഇടയില്‍ 10 മാസം കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980കളില്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദേഹം ബിജെപി സംസ്ഥാന അധ്യക്ഷന്‍, കര്‍ണാടക നിയമസഭാ പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.