പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. ജനുവരി 19-നാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ആനിലെ ആറ് സന്യാസിനിമാരെയും രണ്ടു സാധാരണക്കാരെയും തലസ്ഥാന നഗരമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.
വ്യാഴാഴ്ച രാവിലെയാണ് ഇവരെ സായുധധാരികള്‍ വിട്ടയച്ചതെന്ന് ഹെയ്തി ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാക്‌സ് ലെറോയ് മെസിഡോര്‍ വത്തിക്കാന്‍ ന്യൂസിനോട് സ്ഥിരീകരിച്ചു. ദൈവത്തിനും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ബിഷപ്പ് വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.
ഈ ആശങ്കാജനകമായ സംഭവം വിശ്വാസത്തിന്റെ പരീക്ഷണമായിരുന്നെങ്കിലും അത് അചഞ്ചലമായി നിലകൊണ്ടതായി അന്‍സെ-എ-വ്യൂ-മിറാഗോണിലെ ബിഷപ്പ് പിയറി-ആന്ദ്രേ ഡുമാസ് പറഞ്ഞു. ''ഞങ്ങള്‍ ദൈവത്തോട് നിലവിളിച്ചു. പരീക്ഷണങ്ങളില്‍ അവന്‍ ഞങ്ങളെ ശക്തരാക്കുകയും ബന്ദികളാക്കിയവരെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു'- ബിഷപ്പ് ഡുമാസ് കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോയവര്‍ കന്യാസ്ത്രീകളെയും ഡ്രൈവറെയും വിട്ടയക്കുന്നതിന് പകരമായി മൂന്നു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടതായി ഹെയ്തിയന്‍ ഔട്ട്ലെറ്റ് റെസോ നോഡ്വെസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ബന്ദികളെ വിട്ടയച്ചത് എന്തെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്ന സ്‌കൂളിലേക്കു കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബസില്‍ പോകവേയാണ് സംഭവം. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു പേര്‍ ബസ് ഡ്രൈവറും ഒരു പെണ്‍കുട്ടിയുമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹെയ്തിയന്‍ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസും പോര്‍ട്ട്-ഓ-പ്രിന്‍സ് അതിരൂപതയും ബന്ദികളുടെ മോചനത്തിനായി പ്രാര്‍ത്ഥനാദിനം ആചരിച്ചിരുന്നു. പ്രാര്‍ത്ഥന, ധ്യാനം, ദിവ്യകാരുണ്യ ആരാധന എന്നിവ വിവിധ ദേവാലയങ്ങളില്‍ നടന്നു. ഇതിന് പിന്നാലെയാണ് മോചനം.
കത്തോലിക്ക സന്യാസിനികളെ മോചിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച ത്രികാല ജപത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
രാഷ്ട്രീയ അരാജകത്വം, പ്രകൃതിദുരന്തങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ അക്രമം എന്നിവ നേരിടുന്ന ഹെയ്തിയില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്. കഴിഞ്ഞവര്‍ഷം ഏതാണ്ട് മൂവായിരം പേരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.