ഷെങ്‌ഷൂവിലെ ബിഷപ്പായി തദ്ദ്യൂസ് വാങ് യുഷെംഗിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിന് ശേഷം ലഭിച്ച പുതിയ ഇടയനെ സ്വീകരിച്ച് ചൈനക്കാർ

ഷെങ്‌ഷൂവിലെ ബിഷപ്പായി തദ്ദ്യൂസ് വാങ് യുഷെംഗിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിന് ശേഷം ലഭിച്ച പുതിയ ഇടയനെ സ്വീകരിച്ച് ചൈനക്കാർ

ബീജിങ്: 70 വർഷത്തിനു ശേഷം ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പാ. ഷെങ്‌ഷൂവിലെ ബിഷപ്പായി ഫാദർ തദ്ദ്യൂസ് വാങ് യുഷെംഗിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ പ്രഖ്യാപിച്ചു.

വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സിനഡാലിറ്റിയുടെ മാനദണ്ഡമനുസരിച്ച് പ്രാദേശിക സഭയുടെ വിവിധ ഘടകങ്ങളുടെ നേരിട്ടുള്ള സംഭാവനയും അദേഹത്തിന്റെ നിയമനത്തിന് അനുകൂലമായിരുന്നു .

1966 ഫെബ്രുവരി 27 ന് സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സുമാഡിയൻ നഗരത്തിലാണ് വാങ് ജനിച്ചത്. 1987 നും 1993 നുമിടയിൽ സൗത്ത് സെൻട്രൽ സെമിനാരിയിൽ പഠിച്ചു. 1993 ഒക്ടോബർ 17 ന് വൈദികനായി അഭിഷിക്തനായി. 2011 ഡിസംബർ മുതൽ ഷെങ്‌ഷൗവിലെ ഹുയിജി ജില്ലയിൽ ഇടവക വികാരിയായും ഹെനാൻ കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്റെ ചെയർമാനായും അക്കാദമിക് അഫയേഴ്‌സ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചു.

2013 ജനുവരിയിൽ ഷെങ്‌ഷൂ രൂപതയുടെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഷെങ്‌ഷൂ രൂപതയിൽ 1950 കൾ മുതൽ ബിഷപ്പിനെ നിയമിച്ചിട്ടില്ലായിരുന്നു. ഈ രൂപതയിലേക്കാണ് 70 ലധികം വർഷങ്ങൾക്ക് ശേഷം 53 കാരനായ വാങ് നിയമിതനാകുന്നത്.

1946 ഏപ്രിൽ 11 ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ ആണ് ഷെങ്‌ഷൂ രൂപത സ്ഥാപിക്കുന്നത്. അതേ വർഷം ഇറ്റാലിയൻ വംശജനായ സേവേറിയൻ മിഷനറി ഫൗസ്റ്റിനോ ടിസോട്ട് ഷെങ്‌ഷൂവിലെ ബിഷപ്പായി നിയമിതനായി. 1949 ഒക്ടോബറിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിനെത്തുടർന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) വിദേശ പുരോഹിതന്മാരെയും മിഷനറിമാരെയും ബിഷപ്പുമാരെയും പുറത്താക്കി. തുടർന്ന് രൂപതയിലെ വൈദികരുടെ സഹായത്താൽ മുന്നോട്ടുപോയിരുന്ന പ്രവർത്തനങ്ങൾ കാലക്രമേണ നിലയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.