തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഭക്ഷണം ഉണ്ടാക്കി വില്‍ക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ ചട്ടം. ആരാധനാലയങ്ങള്‍ക്കടക്കം ഇതു കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസന്‍സ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം.
പല സ്‌കൂളുകള്‍ക്കും ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്. പ്രഥമാധ്യാപകര്‍ക്കാണ് നിര്‍വഹണച്ചുമതല. അതിനാല്‍ സ്‌കൂള്‍ ഉച്ച ഭക്ഷണത്തിനുള്ള ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കേണ്ടതും പ്രഥമാധ്യാപകരുടെ പേരിലാണ്. കൂടാതെ പാചകത്തൊഴിലാളികളുടെ ആരോഗ്യ പരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യ സുരക്ഷയുടെ പരിധിയില്‍ വരുന്നത് കുട്ടികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തല്‍.
സ്‌കൂളുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണ സാംപിള്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നത് മാത്രമാണ് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാന്‍ നിലവിലുള്ള നടപടി. ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കുന്നതില്‍ ഇളവുണ്ട്. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടര്‍മാര്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമ അധ്യാപകരുടെയും യോഗങ്ങള്‍ വിളിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല.
അതേസമയം ഉച്ചഭക്ഷണ പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പിന്റേതാണെന്നും സ്‌കൂളില്‍ പ്രഥമാധ്യാപകന്‍ ഹോട്ടലോ റെസ്റ്ററന്റോ അല്ല നടത്തുന്നതെന്നും പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്എ ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.