'ഹൈക്കോടതിയെ സമീപിക്കൂ': ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

'ഹൈക്കോടതിയെ സമീപിക്കൂ': ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹേമന്ത് സോറനോട് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാത്തതെന്നും ബെഞ്ച് ചോദിച്ചു.

'കോടതികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികള്‍ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാല്‍ എല്ലാവരെയും അനുവദിക്കണം,' സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച സമന്‍സുകള്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത് പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകന്‍ സിബല്‍ പറഞ്ഞു. 'അദേഹത്തെ അറസ്റ്റ് ചെയ്തതായി വ്യക്തമാണ്. നിങ്ങള്‍ അതില്‍ ഭേദഗതി ആവശ്യപ്പെടുന്നു. അതിനാല്‍, ഹൈക്കോടതിയെ സമീപിക്കുക' - മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ മുന്‍ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ സമന്‍സിനെതിരെ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്.

ഭൂമി തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറന്‍ ജെഎംഎം നേതാവ് ചംപയ് സോറനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.