തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയ 76.01 കോടി രൂപയില്‍ ചെലവഴിച്ചത് 10.79 കോടിയെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. ആകെ വകയിരുത്തിയ തുകയുടെ ഏതാണ്ട് 14.2 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
ആകെയുള്ള 14 പദ്ധതികളില്‍ ആറെണ്ണത്തിന് വകയിരുത്തിയ തുകയില്‍ നിന്ന് ഒരു പൈസ ചെലവഴിച്ചിട്ടില്ല. പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതിക്ക് വകയിരുത്തിയത് 16 കോടി, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം പദ്ധതിയുടെ 24 കോടി, മൈനോറിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വകയിരുത്തിയ 10 ലക്ഷം, ഓഫീസ് ആധുനിക വല്‍ക്കരണത്തിനുള്ള ഒരു കോടി, ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ കുടിവെള്ള വിതരണ പദ്ധതിയുടെ ഒരു കോടി, ഐ.ടി.സി ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിന്റെ 4.82 കോടി എന്നിവയില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ല.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന് ഷെയര്‍ ക്യാപിറ്റലായി 13 കോടി വകയിരുത്തിയതില്‍ 20 ശതമാനം ചെലവഴിച്ചു. ഇമ്പിച്ച ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അഞ്ച് കോടിയാണ് വകയിരുത്തിയത്. അതില്‍ ചെലവഴിച്ചത് 29 ശതമാനമാണ് വിവാഹപൂര്‍വ കൗണ്‍സിലിങിന് 90 ലക്ഷം വകയിരുത്തിയെങ്കിലും 20 ശതമാനേ ചെലവഴിച്ചുള്ളു.
കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിക്ക് 1.20 കോടി വകയിരുത്തി. 25 ലക്ഷം ചെലവഴിച്ചു. എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം നീക്കി വെച്ചതില്‍ 98.2 ശതമാനം ചെലവഴിച്ചു. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം വകയിരുത്തി. അതില്‍ 98.2 ശതമാനം ചെലവഴിച്ചു.
പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്/സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ്/ വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് 6.52 കോടി വകയിരുത്തി. 72.4 ശതമാനം ചെലവഴിച്ചു. സി.എ/ സി.എം.എ / സി.എസ് സ്‌കോളര്‍ഷിപ്പിന് 97 ലക്ഷം വകിയിരുത്തിയതില്‍ 16.5 ശതമാനമാണ് ചെലവഴിച്ചതെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ വിനിയോഗ ലിസ്റ്റ് വ്യക്തമാക്കുന്നു.
2023-24 ലെ സംസ്ഥാന ബജറ്റില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് വകയിരുത്തിയിട്ടുള്ള തുകയുടെ വിനിയോഗവും സംബന്ധിച്ച് പി. ഉബൈദുള്ളയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ അനുബന്ധമായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജനുവരി 31 വരെയുള്ള വിനിയോഗത്തിന്റെ കണക്കാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.