കേന്ദ്രം ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു; സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: മുഖ്യമന്ത്രി

കേന്ദ്രം ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു; സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കു വേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിതെന്ന് കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തര്‍മന്തറില്‍ നടക്കുന്ന കേരളത്തിന്റെ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്ര സമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നത്. ഇന്നത്തെ ദിവസം ഇന്ത്യാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമ നിര്‍മാണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു.

ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദേഹം വ്യക്തമാക്കി.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിനുമേല്‍ ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതിനാല്‍ കേരളത്തെ അവഗണിക്കുന്നു.

സംസ്ഥാനത്തെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള ജനതയില്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.