സ്‌കൂളുകളിൽ നിന്ന് യേശുവിൻ്റെയും മാതാവിന്റെയും ചിത്രങ്ങൾ നീക്കം ചെയ്യണം; മിഷണറിമാരോട് ആഹ്വാനവുമായി ഹിന്ദു തീവ്രവാദ സംഘടന

സ്‌കൂളുകളിൽ നിന്ന് യേശുവിൻ്റെയും മാതാവിന്റെയും ചിത്രങ്ങൾ നീക്കം ചെയ്യണം; മിഷണറിമാരോട് ആഹ്വാനവുമായി ഹിന്ദു തീവ്രവാദ സംഘടന

ഗുവാഹട്ടി: അസമിലെ ക്രിസ്ത്യൻ മിഷനറിമാരോട് സ്‌കൂളുകളിൽ നിന്ന് യേശുവിൻ്റെയും മാതാവിന്റെയും ചിത്രങ്ങൾ നീക്കം ചെയ്യാൻ ആഹ്വാനമവുമായി തീവ്ര ഹിന്ദു സംഘടനകൾ. ഹിന്ദു വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്‌കൂൾ അസംബ്ലികളിലെ ക്രിസ്ത്യൻ പ്രാർത്ഥനകൾ നിർത്തിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ക്രിസ്ത്യൻ മിഷനറിമാർ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. ഞങ്ങൾ അത് അനുവദിക്കില്ല. 10 മുതൽ 15 ദിവസം വരെ അവരെ നിരീക്ഷിക്കും. അതിന് ശേഷം ചെയ്യേണ്ടത് ചെയ്യുമെന്ന് കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 10 വയസുള്ള ഒരു കുട്ടിക്ക് സ്‌കൂൾ കാമ്പസിൽ ജയ് ശ്രീറാം ചൊല്ലാൻ കഴിയുന്നില്ല, പിന്നെ എന്തിനാണ് യേശുവിനെയും മാതാവിനെയും പ്രകീർത്തിക്കുന്നതെന്നും ബോറ ചോദിച്ചു.

സ്കൂളുകളിൽ അച്ഛനും കന്യാസ്ത്രീമാരും മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. അവർ സാധാരണ വസ്ത്രം ധരിക്കണം. സ്‌കൂൾ സമുച്ചയത്തിൽ നിന്ന് യേശുവിൻ്റെയും മാതാവിന്റെയും കുരിശിൻ്റെയും രൂപങ്ങൾ നീക്കം ചെയ്യണം. സ്‌കൂൾ കോംപ്ലക്‌സുകളിൽ നിന്ന് പള്ളികളും സ്‌കൂളുകളിലെ പ്രാർത്ഥനകളും അവർ നീക്കം ചെയ്യണമെന്നും ബോറ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനങ്ങളാക്കി മാറ്റുന്നത് ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദേഹം പറഞ്ഞു.

ജനങ്ങൾക്ക് ആരോഗ്യവും വിദ്യാഭ്യാസവും നൽകുന്നതിൻ്റെ പേരിൽ അവർ 14, 15 (വിവേചനം), 21 (വ്യക്തിപരമായ സ്വാതന്ത്ര്യം), തുല്യ സൗകര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന രീതിയിൽ ലംഘിക്കുകയാണ്. ആർട്ടിക്കിൾ 28 പ്രകാരം സർക്കാർ അംഗീകൃത സ്കൂളുകൾക്ക് മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ല. ഭരണഘടനയുടെ ഏത് വ്യവസ്ഥ പ്രകാരമാണ് അവർ സ്‌കൂളിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് ബോറ ചോദിച്ചു.

സമത്വത്തിൻ്റെയും സമ്പൂർണതയുടെയും നാടാണ് ഇന്ത്യ. എന്നാൽ നിർഭാഗ്യവശാൽ ചില വിദേശ സിദ്ധാന്തങ്ങൾ രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുകയാണ്. സ്വന്തം ബിസിനസിന് മാത്രമായി വിദ്യാഭ്യസത്തെ മാറ്റാൻ മിഷണറിമാർ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു പ്രത്യേക മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തെ ധിക്കരിക്കുകയും ഭരണഘടനാ മൂല്യങ്ങളെയും ധാർമ്മികതയെയും നിഷേധിക്കുകയും ചെയ്യുന്നു. ഭാരതത്തിൻ്റെ മതപരവും ആത്മീയവുമായ ആചാരങ്ങളെയും മൂല്യങ്ങളെയും അപകീർത്തിപ്പെടുത്താനും തകർക്കാനുമുള്ള ഏറ്റവും വലിയ ഗൂഢാലോചനയായി ഇതിനെ കണക്കാക്കേണ്ടതില്ലേയെന്നുമാണ് ബോറയുടെ ചോദ്യം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.