ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല; മന്ത്രി രാജിവെക്കണം: അജീഷിന്റെ പിതാവ്

ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല; മന്ത്രി രാജിവെക്കണം: അജീഷിന്റെ പിതാവ്

മാനന്തവാടി: ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കുന്ന വനം വകുപ്പ് ഒരു മനുഷ്യന്‍ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ പോലും വരുന്നില്ലെന്ന് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. അവര്‍ക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് വനം വകുപ്പധികൃതരുടെ പരിപാടിയെന്നും അദേഹം ആരോപിച്ചു.

വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണം. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു.

ജീവന്‍ നഷ്ടമായ ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? ആനയിറങ്ങിയിട്ടും വനം വകുപ്പ് വിവരമറിയിച്ചില്ല. സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോള്‍ ഓടി വന്നിട്ട് കാര്യമില്ലെന്നും ജോസഫ് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴിനാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കര്‍ണാടകയില്‍ ജനവാസമേഖലയില്‍ നിന്ന് വനം വകുപ്പ് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്.

തൊഴിലാളികളെ കൂട്ടാനായി പാല്‍വെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്. ആനയേക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.