'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: കണ്ണീര്‍ വാതകം പ്രയോഗിച്ചു, ട്രക്കുകളും ട്രാക്ടറുകളും പിടിച്ചെടുത്തു; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: കണ്ണീര്‍ വാതകം പ്രയോഗിച്ചു, ട്രക്കുകളും ട്രാക്ടറുകളും പിടിച്ചെടുത്തു; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വ്യാപകമായി കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസ് കര്‍ഷകരുടെ ട്രക്കുകളും ട്രാക്ടറുകളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം തന്നെ അതിര്‍ത്തി പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. വന്‍ പോലീസ് സന്നാഹമാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തു മാറ്റിയ കര്‍ഷകര്‍, ഇവ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞു.

ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ചിതറിയോടിയ കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡുകള്‍ എടുത്തു മാറ്റാനുള്ള ശ്രമം തുടരുകയാണ്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് ആദ്യം എത്തിയത്.

ഹരിയാന ഭാഗത്തുനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തുന്നുണ്ട്. ആറ് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. അനിശ്ചിതകാലത്തേക്ക് സമരം നീണ്ടുപോകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.

രാവിലെ പത്തിനാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയിലെ പ്രധാന പാതകളില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ഷക സമരത്തെ നേരിടാനായി ഡല്‍ഹിയില്‍ 11 കമ്പനി അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കര്‍ഷക സംഘടനകളുടെ ഡല്‍ഹി വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. രാജ്യത്തെ കര്‍ഷകര്‍ നമുക്ക് അന്നം തരുന്നവരാണ്, അവരെ അറസ്റ്റ് ചെയ്യുന്നത് മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ കക്ഷിയാകാന്‍ കഴിയില്ലെന്നും ഗെലോട്ട് പറഞ്ഞു.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കുക, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.