കൊച്ചി: വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി).
ജനങ്ങളുടെ ആശങ്കകളെയും പ്രാണ ഭയത്തെയും അടിച്ചമര്‍ത്തി എളുപ്പവഴിയില്‍ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ നിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യജീവന് ഉയര്‍ന്ന പരിഗണന നല്‍കി അവയെ വെടിവച്ചുകൊല്ലാനുള്ള നയ രൂപീകരണം ഉടനടി നടത്തണം.
വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികള്‍ ഉടന്‍ നടപ്പാക്കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകള്‍ ഏല്‍ക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കണമെന്നും കോരള കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
കൂടുതല്‍ മൃഗങ്ങള്‍ വനം വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജനങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവനും സാധാരണ ജനങ്ങളുടെ സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ തുടര്‍ന്നും വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും, ആവശ്യത്തിനുള്ള സേനകളെ അത്തരം മേഖലകളില്‍ വിന്യസിക്കുകയും വേണം. ശാശ്വതമായ പ്രശ്ന പരിഹാരത്തിനായി സമഗ്രമായ നിയമ നിര്‍മ്മാണം നടത്തണം.
ഒരു വര്‍ഷത്തിനിടയിലാണ് പല പ്രദേശങ്ങളിലും കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ദിനംപ്രതി വന്യജീവി അക്രമങ്ങള്‍ വര്‍ധിച്ചു വരുകയും സുരക്ഷിതത്വ ബോധം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന പ്രദേശ വാസികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55,839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യ ജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചു വരികയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ ഉണ്ടാകുന്നത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
വന്യജീവി ആക്രമണങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.