വത്തിക്കാന്‍ സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് എല്ലായ്‌പ്പോഴും ഓര്‍മിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പേരിലും വ്യാജ വാര്‍ത്ത പടച്ചുവിട്ട് അജ്ഞാതര്‍. നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സമൂഹ മാധ്യങ്ങളില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം നടക്കുന്നത്. നോമ്പുകാലത്തിന്റെ പരിശുദ്ധിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം.
നോമ്പുകാലത്ത് ഉപവാസവും മത്സ്യമാംസാദികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കലും അനാവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞതായാണ് സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്.
'ത്യാഗം വയറില്‍ അല്ല, മത്സ്യമാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത്' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്‌സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരുന്നു. എന്നാല്‍ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം.
ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോര്‍ഗ് എന്ന പേരിലുള്ള ഐഡി വിലാസത്തില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്‌സാപ്പിലും ഫേസ്ബുക്കിലും പങ്കുവെച്ചത്.
'മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തില്‍ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തില്‍, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ വെബ്‌സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. യേശു ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം വ്യാജപ്രചാരണങ്ങളുടെ ഉദ്ദേശം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്.
2024 ലെ നോമ്പുകാല സന്ദേശത്തില്‍ മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്:
'നോമ്പുകാലത്ത് നമ്മുടെ ഓട്ടം ഒക്കെ ഒന്ന് പതുക്കെയാക്കി, ഒരല്‍പ്പം നിന്ന്, പ്രാര്‍ത്ഥിക്കാനും ദൈവവചനം വായിക്കാനും അതുവഴി ദൈവത്തെയും ദൈവഹിതത്തെയും അടുത്തറിയാനും അതനുസരിച്ച് ജീവിക്കാനും ഒക്കെയുള്ള സമയമാണ്.
സുവിശേഷത്തിലെ ഉപമയിലെന്നപോലെ, നമ്മുടെ ചുറ്റുമുള്ള മുറിവേറ്റ സഹോദരങ്ങള്‍ക്ക് നല്ല സമരിയക്കാരനായി മാറാനുള്ള സമയമാണ്. ഇവിടെ, ദൈവത്തോടുള്ള സ്‌നേഹവും സഹോദരങ്ങളോടുള്ള സ്‌നേഹവും ഒന്നാണെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മറ്റു ബിംബങ്ങളെയും, ആരാധനാപാത്രങ്ങളെയും മുന്നില്‍ നിറുത്താതെ, ഇസ്രയേലിന്റെ ദൈവത്തെ മുന്നില്‍ കാണാനുള്ള ഒരു സമയമാണിത്. വചനം മാംസമായ ക്രിസ്തുവിന്റെ മുന്നില്‍ ധ്യാനനിമഗ്‌നരായിരിക്കാന്‍ നമുക്ക് സാധിക്കണം. പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം, തുടങ്ങിയ പ്രവര്‍ത്തികള്‍ ജീവിതത്തോട് ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകാന്‍ കഴിയണം. അതിലൂടെ നമ്മെ ഭാരപ്പെടുത്തുന്ന വിഗ്രഹങ്ങളെ, നമ്മെ തടവിലാക്കുന്ന ആസക്തികളെ നാം പുറത്താക്കാന്‍ കഴിയണം.
നോമ്പുകാലത്ത്, നമ്മുടെ ധൃതി പിടിച്ച ജീവിതശൈലിയില്‍നിന്ന് ഒരല്‍പം മാറി, ദൈവത്തിന് മുന്‍പില്‍ പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്നതിലൂടെ ജീവിതത്തിലേക്ക് കൂടുതല്‍ നവമായ ഊര്‍ജ്ജം ശേഖരിക്കാന്‍ നമുക്ക് സാധിക്കും'.
യഥാര്‍ത്ഥ ഉപവാസം ഭക്ഷണത്തെ പരിമിതപ്പെടുത്തുക മാത്രമല്ല. എല്ലാ സ്വാര്‍ത്ഥതയില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുന്നതും ആവശ്യമുള്ളവര്‍ക്കും പാപം ചെയ്തവര്‍ക്കും രോഗശാന്തി ആവശ്യമുള്ളവര്‍ക്കും ജീവിതത്തില്‍ ഇടം നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടണം, ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ഇത്തരത്തിലൊരു സന്ദേശത്തിന്റെ പേരിലാണ് തെറ്റിദ്ധരിക്കുന്ന പ്രചാരണം നടക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.