ഇറാനിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു

ഇറാനിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു

ടെഹ്റാൻ: ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ കീഴിൽ പീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ക്രിസ്ത്യാനികൾക്കെതിരായ ടെഹ്‌റാൻ അടിച്ചമർത്തലുകൾ പഠനവിധേയമാക്കിയ വെബ്‌സൈറ്റായ ആർട്ടിക്കിൾ 18 പ്രസിദ്ധീകരിച്ച ‘മുഖമില്ലാത്ത ഇരകൾ, ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ അവകാശ ലംഘനങ്ങൾ’ എന്ന വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.

ആർട്ടിക്കിൾ 18 നോടൊപ്പം ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്, ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകളും പഠനത്തിൽ പങ്കാളികളായി. പുറത്തുവിട്ട റിപ്പോർട്ടിൽ ബൈബിൾ കൂടുതലായി കൈവശം വെച്ചതിന് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. മൂന്നിലൊന്ന് അറസ്റ്റുകളും ബൈബിളിന്റെ ഒന്നിലധികം കോപ്പികൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരിന്നുവെന്നാണ് കണക്ക്.

പീഡനം ഭയന്ന് ഇരകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യാറില്ല എന്നും 2023ൽ, കുറഞ്ഞത് 166 അറസ്റ്റുകൾ നടന്നെങ്കിലും വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് അത് പുറത്തുപറയാൻ ധൈര്യം കാണിച്ചത് എന്നും പഠനം പറയുന്നു. അറസ്റ്റിന് ശേഷം ക്രൈസ്തവർ മോചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതുകഴിഞ്ഞും സമ്മർദവും അടിച്ചമർത്തലും തുടരുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

അറസ്റ്റിലായ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ചെറിയ വർധനവുണ്ടായ സാഹചര്യത്തിൽ, 2022 ലെ 134 നെ അപേക്ഷിച്ച് 2023ൽ ഇത് 166 ആയി.’ ഇതിൽ കൂടുതലും ‘പേരും മുഖവുമില്ലാത്തവരാണെന്ന്’ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യേശുവിന്റെ ജനന തിരുനാൾ ആഘോഷിക്കാനിരിന്ന ക്രിസ്തുമസ് സമയത്ത് അറസ്റ്റുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിക്കുകയായിരിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. പ്രാർത്ഥന കൂട്ടായ്മകളിൽ അംഗമാണെന്ന് കണ്ടെത്തുന്നവർക്ക് നേരെ ദേശീയ സുരക്ഷയ്ക്കു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി ജയിൽ ശിക്ഷ നൽകുന്നത് രാജ്യത്തു പതിവാണ്.

രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനിൽ 3,00,000 ക്രിസ്ത്യാനികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥർ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോർട്ടുകൾ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.