ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഈ മാസം 29 വരെ അതിര്‍ത്തികളില്‍ സമാധാന പ്രതിഷേധം തുടരാന്‍ ഇന്നലെ ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുകയാണ്.
ഇന്ന് മുതല്‍ സമര പരമ്പരകളുമായി മുന്നോട്ടുപോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ച് മാര്‍ച്ച് നടത്തും. നാളെ ലോക വ്യാപാര സംഘടനയില്‍ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിര്‍ത്തിയില്‍ നിര്‍ണായക സമ്മേളനം ചേരുന്നുണ്ട്. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടത്തും.
തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. ചൊവ്വാഴ്ച മുതല്‍ തുടര്‍ ദേശീയ തലത്തില്‍ നേതാക്കളെ പങ്കെടുപ്പിച്ച് അതിര്‍ത്തികളില്‍ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്നും സംഖടന അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനിടെ കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകും എന്നു കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പക്ഷേ താങ്ങുവില നിയമം കൊണ്ടുവരാന്‍ നടപടി തുടങ്ങണമെന്നും ഇക്കാര്യത്തില്‍ മാത്രമേ ചര്‍ച്ചയ്ക്ക് ഉള്ളുവെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി പ്രസിഡന്റ് സുഖ്വിന്ദര്‍ സിങ് സാബ്ര പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവതരിപ്പിച്ച പദ്ധതി കര്‍ഷകര്‍ക്ക് വേണ്ടിയല്ല കരാര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. തങ്ങളും വോട്ട് ചെയ്താണ് മോഡി പ്രധാനമന്ത്രി ആയത്. കര്‍ഷകര്‍ക്ക് മോഡി നീതി ഉറപ്പാക്കണമെന്നും അദേഹം വ്യക്തമാക്കി.
അതേസമയം കര്‍ഷക സമരങ്ങള്‍ക്ക് നേരെയുള്ള പൊലീസ് നടപടികള്‍ക്കെതിരെ ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ചേര്‍ന്ന് ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിഖ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ അഗ്‌നോസ്റ്റോസ് തിയോസാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സമരത്തിലുടനീളം കര്‍ഷകര്‍ പൊലീസില്‍ നിന്നും അന്യായമായ പെരുമാറ്റമാണ് നേരിടുന്നതെന്ന് അദേഹം പറഞ്ഞു. പ്രതിഷേധക്കാരില്‍ ചിലരെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദത്തിന് വഴങ്ങി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പെച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. റോഡുകള്‍ തടയുന്നതുള്‍പ്പടെ മറ്റ് നിരോധന നടപടികള്‍ കേന്ദ്രം അനാവശ്യമായി നടപ്പാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന സാഹചര്യമുണ്ടായി. പരിക്കുകള്‍ കര്‍ഷകരുടെ മരണത്തിന് വരെ കാരണമായെന്നും അദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ സമരം ചെയ്യുന്നതിനുള്ള ജനാധിപത്യ അവകാശം പൊലീസ് തടഞ്ഞെന്നും സമരത്തിന്റെ പേരി ഡല്‍ഹി അതിര്‍ത്തിയില്‍ അക്രമാസക്തമായ സാഹചര്യം സൃഷ്ടിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തിനും നാല് സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോടൊപ്പം പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.