തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍. ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയിലാണ് സംസ്ഥാന നേതാക്കള്‍ അഭിപ്രായം രേകപ്പെടുത്തിയത്.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തു നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്.
കേന്ദ്ര മന്ത്രി വി. മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു.
രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ ഇതിനോട് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇതുവരെ മനസ് തറന്നിട്ടില്ല. സംസ്ഥാനത്തെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഇന്ന് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ബിജെപി തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ബിജെപി എ കാറ്റഗറിയായി കാണുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറുമാവും മത്സരിക്കുക. കോഴിക്കോട് ശോഭ സുരേന്ദ്രനാണ് പരിഗണനയിലുള്ളത്. എന്നാല്‍ എ കാറ്റഗറി മണ്ഡലങ്ങളായ മാവേലിക്കരയിലെയും കാസര്‍ക്കോട്ടെയും സ്ഥാനാര്‍ഥികളെക്കുറിച്ച് സൂചനകളില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.