രണ്ടായിരത്തിലധികം പാലസ്തീനികള്‍ക്ക് പ്രവേശനം അനുവദിച്ച് ഓസ്‌ട്രേലിയ; ദേശീയ സുരക്ഷയ്ക്ക് ഭീഷണി, ആശങ്കയുമായി ജൂത സമൂഹം

രണ്ടായിരത്തിലധികം പാലസ്തീനികള്‍ക്ക് പ്രവേശനം അനുവദിച്ച് ഓസ്‌ട്രേലിയ; ദേശീയ സുരക്ഷയ്ക്ക് ഭീഷണി, ആശങ്കയുമായി ജൂത സമൂഹം

കാന്‍ബറ: രണ്ടായിരത്തിലധികം പാലസ്തീനികള്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശനം അനുവദിച്ച ഫെഡറല്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ജൂത സമൂഹവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന വാദവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഡിസംബര്‍ അവസാനത്തോടെയാണ് ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗാസയില്‍ നിന്നുള്ള പാലസ്തീനികള്‍ക്ക് 2,250-ലധികം വിസകള്‍ അനുവദിച്ചത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയിലേക്കുള്ള പലസ്തീന്‍ വിസകള്‍ 2,000 കവിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്‍ പ്രസിഡന്റ് ഡേവിഡ് അഡ്ലര്‍ പറഞ്ഞു. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയങ്ങളുടെ കാര്യക്ഷമത പുനരവലോകനത്തിനു വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച്, പാലസ്തീന്‍ പൗരന്മാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 2,000-ലധികം സന്ദര്‍ശക വിസകളും 148 മൈഗ്രേഷന്‍ വിസകളും നല്‍കിയിട്ടുണ്ട്. ബോട്ടില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ഥികളേക്കാള്‍ ആശങ്കയുണ്ടാക്കുന്നതാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഈ നടപടിയെന്ന് അഡ്ലര്‍ ചൂണ്ടിക്കാട്ടി. 12 മാസം വരെ രാജ്യത്ത് താല്‍ക്കാലിക പ്രവേശനം അനുവദിക്കുന്ന വിസകളാണ് അനുവദിച്ചത്. എന്നാല്‍ ഈ വിസകളുടെ ദ്രുതഗതിയിലുള്ള പ്രോസസിംഗും കര്‍ശനമായ സുരക്ഷാ പരിശോധനയുടെ അഭാവവുമാണ് ജനങ്ങള്‍ക്കിടയില്‍ സംശയവും ആശങ്കയും സൃഷ്ടിക്കുന്നത്.

ഇത്തരത്തില്‍ കര്‍ശന പരിശോധനകളില്ലാതെ ഉദാരമായി വിസ അനുവദിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് വിവാദം ഉയരുന്നത്. സംശയാസ്പദമായ പശ്ചാത്തലമുള്ള വ്യക്തികള്‍ക്കു പോലും ഓസ്ട്രേലിയയിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യതയെയാണ് ജൂത സമൂഹം ചോദ്യം ചെയ്യുന്നത്. ഇത് രാജ്യത്ത് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് അവര്‍ വാദിക്കുന്നു.

സമഗ്രവും ശക്തവുമായ വിസ നിയമങ്ങളാണ് രാജ്യത്തുള്ളതെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഈ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണെന്ന് ഡേവിഡ് അഡ്ലര്‍ പറഞ്ഞു. വിസ അനുവദിക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ സുതാര്യതയും സൂക്ഷ്മപരിശോധനയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.