ബിജെപി ഭരണത്തില്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരം ഇടിഞ്ഞു; പ്രതിമാസ ചെലവ് ഗ്രാമീണ ശരാശരിയിലും താഴെ

ബിജെപി ഭരണത്തില്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരം ഇടിഞ്ഞു;  പ്രതിമാസ ചെലവ് ഗ്രാമീണ ശരാശരിയിലും താഴെ

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി സമരം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കണക്കിന്റെ പ്രസക്തി ഏറുന്നത്.

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായി കാര്‍ഷിക കുടുംബങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗ ചെലവ് (എംപിസിഇ) ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളെക്കാള്‍ താഴെയെത്തി.


മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നേരിട്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള ചെലവിനെയാണ് പ്രതിശീര്‍ഷ ഉപഭോഗ ചെലവ് എന്ന് കണക്കാക്കുന്നത്. ഇക്കാര്യം അടിസ്ഥാനമാക്കി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് ശനിയാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരത്തിലെ ഇടിവ് വ്യക്തമാക്കുന്നത്.

1990-2000 കാലഘട്ടത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് കൃഷി വരുമാന മാര്‍ഗമാക്കിയ കുടുംബങ്ങളുടെ ശരാശരി എംപിസിഇ 520 രൂപയും മറ്റ് ഗ്രാമീണ കുടുംബങ്ങളുടേത് 486 രൂപയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ഷക കുടുംബങ്ങളുടെ ശരാശരി എംപിസിഇ 3,702 രൂപയും ഗ്രാമീണ മേഖലയിലെ മറ്റ് കുടുംബങ്ങളുടേത് 3773 രൂപയുമാണ്. വ്യത്യാസം നേരിയതെങ്കിലും മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് കര്‍ഷകരുടെ ജീവിത നിലവാരത്തിലെ പിന്നോട്ട് പോക്കാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്.

കര്‍ഷകരെ പോലെ കര്‍ഷക മേഖലയില്‍ മറ്റ് പണികള്‍ ചെയ്യുന്നവരുടെ പ്രതിമാസ ഉപഭോഗ ചെലവും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെക്കാള്‍ കുറവാണ്. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി സമരം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.

2020-21 റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ കാര്‍ഷിക കുടുംബങ്ങളുടെ എംപിസിഇയിലെ ഇടിവ് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഓരോ അഞ്ച് വര്‍ഷവും പുറത്തുവിടേണ്ട കണക്ക്, മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നില്ല. 2016-17 ല്‍ സര്‍വേ നടന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും കണക്കില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വയ്ക്കുകയായിരുന്നു.

ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ കഴിയുന്ന പട്ടികവര്‍ഗ (എസ്ടി) വിഭാഗങ്ങളുടെ എംപിസിഇ 3,016 രൂപയാണ്. ഏറ്റവും കുറവുള്ളത് ഈ വിഭാഗങ്ങള്‍ക്കാണ്. പട്ടികജാതി (എസ്സി) വിഭാഗങ്ങള്‍ക്ക് 3,474 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) 3,848 രൂപയുമാണ് എംപിസിഇ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.