' മരിച്ചാലും പിഴ ഒഴിവാക്കാനാകില്ല '; ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

' മരിച്ചാലും പിഴ ഒഴിവാക്കാനാകില്ല '; ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീലാണ് തീര്‍പ്പാക്കിയത്. കേസില്‍ 13 ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. 2014 ജനുവരിയിലാണ് കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് വിധിച്ചത്.

ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറ്റിലെ അണുബാധയെ തുടര്‍ന്ന് 2020 ജനുവരിയിലായിരുന്നു കുഞ്ഞനന്തന്റെ മരണം.

എന്നാല്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചു. എട്ട് പ്രതികള്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുപത് വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് പരോളോ ഇളവോ നല്‍കരുതെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നല്‍കിയ ഹര്‍ജികളിലായിരുന്നു ഹൈക്കോടതി വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.