കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്. വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തു വെച്ചാണ് വിചാരണയും മര്‍ദ്ദനവും നടന്നത്. മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. സഹപാഠിയെക്കൊണ്ടാണ് സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്. ഫെബ്രുവരി 16 ന് മൂന്നു മണിക്കൂറോളവും 18 ന് ഉച്ചയ്ക്കും സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നോക്കിനിന്നു. അടുത്ത സഹപാഠികള്‍ അടക്കം ആരും തന്നെ എതിര്‍ത്തതുമില്ല.
മര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്റെ ആരോഗ്യനിലയും സംഘം നിരീക്ഷിച്ചു. ഹോസ്റ്റല്‍ റൂമില്‍ അടച്ചിട്ടാണ് സംഘം നിരീക്ഷിച്ചിരുന്നത്. ക്രൂര മര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനം പുറത്ത് പറയാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. അക്രമി സംഘമാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയത്. ഒളിവിലുള്ള മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ ആണ് ഭീഷണി മുഴക്കിയത്. പുറത്ത് പറഞ്ഞാല്‍ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സിദ്ധാര്‍ത്ഥന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മൂന്ന് മണിക്കൂറോളമാണ് പ്രതികള്‍ സിദ്ധാര്‍ത്ഥനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ശരീരത്തിലാകെ മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. ബെല്‍റ്റ് കൊണ്ട് ശരീരമാസകലം അടിച്ചു. ബെല്‍റ്റിന്റെ ക്ലിപ്പ് കൊണ്ട് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. വയറുകള്‍ കൊണ്ട് അടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. നെഞ്ചില്‍ മുഷ്ടി ചുരുട്ടി മര്‍ദ്ദിച്ചിട്ടുണ്ട്. വയറിന്റെ ഭാഗത്ത് ചവിട്ടേറ്റതിന്റെ പാടുകളുമുണ്ട്. ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രതികളാണ് ക്രൂമര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കേസിലെ പ്രതികളായ അഭിഷേക് എസ്എഫ്ഐ കോളജ് യൂണിയന്‍ സെക്രട്ടറിയാണ്. കെ. അരുണ്‍ കോളജ് യൂണിയന്‍ പ്രസിഡന്റാണ്. ഇവര്‍ രണ്ടുപേരും കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡിലെ വിദ്യാര്‍ത്ഥി പ്രതിനിധികളുമാണ്. കേസില്‍ അഭിഷേക് അടക്കം ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.
അരുണും എസ്എഫ്ഐ കോളജ് ഭാരവാഹി അമല്‍ ഹസാന്‍ അടക്കമുള്ള പ്രതികളും ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ, റാഗിങ് നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേരളത്തില്‍ റാഗിങ് നിരോധന നിയമം
കേരളത്തില്‍ റാഗിങ് നിരോധന നിയമപ്രകാരം നേരിട്ടോ അല്ലാതെയോ റാഗിങില്‍ ഏര്‍പ്പെടുന്നതും പ്രോത്സാഹിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. കുറ്റക്കാരനെന്ന് കണ്ടെത്തുന്ന വിദ്യാര്‍ത്ഥിയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കും. പുറത്താക്കുന്ന തീയതി മുതല്‍ മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നല്‍കാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.
ഒരു വിദ്യാര്‍ത്ഥിയെ ശാരീരികമോ മാനസികമായോ ബുദ്ധിമുട്ടിക്കുന്ന ഏതു പ്രവൃത്തിയും റാഗിങായി കണക്കാക്കാം. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം എന്നിവ ഉണ്ടാക്കുന്ന ചെയ്തികളും റാഗിങിന്റെ പരിധിയില്‍ വരും. പരാതി ലഭിച്ചാല്‍ സ്ഥാപന മേധാവി ഏഴ് ദിവസത്തിനകം അന്വേഷണം നടത്തിയിരിക്കണം. പരാതി ശരിയെന്ന് കണ്ടാല്‍ കുറ്റക്കാരനായ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണം. കൂടുതല്‍ നടപടിക്കായി പൊലീസിന് പരാതി കൈമാറണമെന്നും നിയമം അനുശാസിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.