വീല്‍ചെയര്‍ കിട്ടാതെ വയോധികന്‍ മരിച്ചു: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

വീല്‍ചെയര്‍ കിട്ടാതെ വയോധികന്‍ മരിച്ചു: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

മുംബൈ: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. മുംബൈ വിമാനത്താവളത്തില്‍ വീല്‍ചെയര്‍ കിട്ടാതെ വയോധികന്‍ മരിച്ച സംഭവത്തിലാണ് എയര്‍ ഇന്ത്യ പിഴ അടയ്ക്കേണ്ടത്.

ഫെബ്രുവരി 16 ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ടെന്നും മറ്റൊന്ന് ലഭ്യമാകുന്നതുവരെ കാത്തിരിക്കാന്‍ ജീവനക്കാര്‍ അദേഹത്തോട് ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ അദേഹം ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍ പ്രതികരിച്ചു. തുടര്‍ന്ന് ഭാര്യയോടൊപ്പം വിമാനത്തില്‍ നിന്നും എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ യാത്രക്കാരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് വിലയിരുത്തിയ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. വിമാന കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

വിമാനത്തില്‍ 32 പേര്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും 15 വീല്‍ചെയറുകള്‍ മാത്രമാണ് ലഭ്യമായിരുന്നതെന്നും സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വൈദ്യസഹായം നല്‍കിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.