ലക്‌നൗ: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ വലിയ കാല താമസമാണ് നേരിടുന്നതെന്ന് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.
തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ക്കശമായ മതപരിവര്‍ത്തന വിരുദ്ധ നിയമമാണ് നടപ്പാക്കുന്നത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിന്റോയും ഉള്‍പ്പെട്ടിരുന്നു.
നിയമ പോരാട്ടത്തിന് ഒടുവില്‍ അറസ്റ്റിലായ ഏഴുപേര്‍ ജാമ്യം നേടിയെങ്കിലും മറ്റുള്ളവര്‍ ജയിലില്‍ തുടരുന്നതായി യുസിഎ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും. ഇന്ത്യയില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.