കാട്ടാനയുടെ ആക്രമണം: പ്രതിഷേധത്തില്‍ പങ്കെടുത്ത 30 പേര്‍ക്കെതിരെ കേസ്; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

 കാട്ടാനയുടെ ആക്രമണം: പ്രതിഷേധത്തില്‍ പങ്കെടുത്ത 30 പേര്‍ക്കെതിരെ കേസ്; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ രണ്ടരയോടെ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു.

ആശുപത്രി ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎല്‍എ അടക്കമുള്ളവരെ സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ബസും ജീപ്പും പ്രവര്‍ത്തകര്‍ തകര്‍ത്തു.

റോഡ് ഉപരോധത്തിനെതിരെ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേര്‍ത്തു. മാത്യു കുഴല്‍നാടനാണ് ഒന്നാംപ്രതി. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായാണ് പ്രതിഷേധം നടന്നത്. ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തിന് മേല്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റുകയായിരുന്നു.

മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ചാണ് പൊലീസ് ആംബുലന്‍സില്‍ കയറ്റിയത്. ഡോര്‍ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിന് ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. തുടര്‍ന്ന സമരപ്പന്തല്‍ പൊലീസ് ബലമായി പൊളിച്ചു നീക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധം പൂര്‍ണ അനുമതിയോടെയെന്ന് ഇന്ദിരയുടെ കുടുംബം വ്യക്തമാക്കി. താനും തന്റെ മകനും അനുമതി നല്‍കിയിരുന്നുവെന്ന് ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മൃതദേഹവുമായി പ്രതിഷേധിച്ചത് ഭര്‍ത്താവിന്റെയും മകന്റെയും പൂര്‍ണ അനുമതിയോടെയാണെന്നും പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പ്രതികരിച്ചു.

''കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചതായി പരാതിയില്ല. എന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. അവരുടെ പ്രതിഷേധം കൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്.''- രാമകൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍ മൃതദേഹവുമായുള്ള പ്രതിഷേധത്തില്‍ എതിര്‍പ്പുമായി ഇന്ദിരയുടെ സഹോദരന്‍ സുരേഷ് രംഗത്തെത്തി. മൃതദേഹം പ്രതിഷേധത്തിന് കൊണ്ടുപോയത് കുടുംബത്തിന്റെ അനുമതിയോടെയല്ലെന്നായിരുന്നു സുരേഷിന്റെ കുറ്റപ്പെടുത്തല്‍.

അതേസമയം പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികള്‍. പൊലീസിനെ മര്‍ദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിര്‍വഹണം തടപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു. കോതമംഗലം പ്രതിഷേധത്തിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.