കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രാഹം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വത്സയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം കൂടി. കോഴിക്കോട് കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി പാലാട്ട് എബ്രഹാം എന്ന അവറാച്ച(70) നാണ് മരിച്ചത്. തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വാച്ച്മരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62) യാണ് മരിച്ചത്.
കൃഷിയിടത്തില്‍ വെച്ചാണ് എബ്രഹാമിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കക്കയം ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം.
കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങിയാണ് എബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. കുത്തേറ്റ് കിടന്ന എബ്രഹാമിനെ ഒരു മണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാര്‍ന്നു പോയിരുന്നു.പിന്നീട് അദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാച്ച്മരത്ത് കാടിനുള്ളില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. വൈകുന്നേരം 3.30 നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി.
മൂന്ന് ദിവസമായി കാട്ടുപോത്തുകള്‍ കക്കയത്തും പരിസരത്തുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ ചാലിടം അങ്ങാടിയിലും കാട്ടുപോത്തിനെ കണ്ടു. രാവിലെ ഏഴുമണിയോടെ പ്രദേശവാസിയുടെ വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തി.
കാട്ടുപോത്ത് ഇറങ്ങിയതോടെ കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടു. കാട്ടുപോത്തുകളെ നിരീക്ഷിക്കാന്‍ വനപാലക സംഘം പട്രോളിങ് നടത്തിയിരുന്നു. കക്കയം വനമേഖലയില്‍നിന്ന് പെരുവണ്ണാമൂഴി റിസര്‍വോയര്‍ നീന്തിക്കയറിയാണു കാട്ടുപോത്ത് ജനവാസ കേന്ദ്രത്തില്‍ എത്തിയത്.
വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം അതിരൂക്ഷമാണ്. ഇന്നലെ കോതമംഗലത്ത് ഇന്ദിരയെന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് വന്യമൃഗ ആക്രമണങ്ങളില്‍ ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.