ആളുകള്‍ മരിക്കുമ്പോള്‍ സര്‍ക്കാരിന് അനക്കമില്ല; ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ വനം മന്ത്രി രാജി വെയ്ക്കണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

 ആളുകള്‍ മരിക്കുമ്പോള്‍ സര്‍ക്കാരിന് അനക്കമില്ല; ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ വനം മന്ത്രി രാജി വെയ്ക്കണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

'സര്‍ക്കാരിന് കര്‍ഷകരോട് നിഷേധാത്മക സമീപനം'.

താമരശേരി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സര്‍ക്കരിനെതിരെ നിലപാട് കടുപ്പിച്ച് താമരശേരി രൂപത. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി രാജി വെക്കണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ഒരു കാര്യം ചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടു കഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്ത് കാര്യമാണുള്ളത്? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരക്കാര്‍ സ്ഥാനം ഒഴിയണമെന്നും അദേഹം പറഞ്ഞു.

ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ല. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗ ശല്യമുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സര്‍ക്കാരിന് കര്‍ഷകരോട് നിഷേധാത്മക സമീപനമാണ്. ഇതില്‍ അതിയായ ദുഖവും വേദനയും പ്രതിഷേധവുമുണ്ടെന്ന് അദേഹം പറഞ്ഞു.

വന്യമൃഗ ശല്യം വനം വകുപ്പിന്റെ വീഴ്ചയാണെന്നതില്‍ യാതൊരു സംശയവുമില്ല. വനം വകുപ്പാണ് സംരക്ഷണം നല്‍കേണ്ടത്. ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ സ്വയരക്ഷക്കു വേണ്ടി പ്രതിരോധം സ്വീകരിക്കാനുള്ള അവകാശമില്ലേ, കോടതി പോലും അത് അനുവദിച്ചു തരുന്നുണ്ടെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

'പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. നാട്ടില്‍ പുലിയിറങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ സ്‌കൂളില്‍ പോകാന്‍ സാധിക്കും?

കൃഷിയിടത്തിലേക്ക് എങ്ങനെ ധൈര്യമായി ഇറങ്ങാന്‍ സാധിക്കും? പുറമേ നിന്ന് ആളുകള്‍ എങ്ങനെ ഈ പ്രദേശത്തേക്ക് വരും? എല്ലാം വലിയ ഭീതിയിലാവുകയല്ലേ? ആ മാനസികവ്യഥ എത്ര ശക്തമാണ്? എന്തുകൊണ്ടാണ് ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തത്? ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം'- താമരശേരി ബിഷപ്പ് പറഞ്ഞു.

'സഭയെന്ന രീതിയിലല്ല, സാമൂഹിക പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് സമീപിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തു നിന്നാണ് സംസാരിക്കുന്നത്. ജനങ്ങളുടെ സംരക്ഷണത്തിന് സത്വരമായ നടപടിയെടുത്തേ മതിയാവൂ. തങ്ങളുടെ പറമ്പിലേക്ക് കയറി വന്ന് മൃഗങ്ങള്‍ ആക്രമിക്കുമ്പോള്‍ സ്വയം സംരക്ഷിക്കാനുള്ള അവകാശം മാത്രം തന്നാല്‍ മതി. തങ്ങള്‍ അത് ചെയ്യുമ്പോള്‍ അറസ്റ്റുചെയ്യാന്‍ വരാതിരുന്നാല്‍ മതി. അതാണ് വനം വകുപ്പിന് ചെയ്തു തരാന്‍ കഴിയുന്ന കാര്യമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.