പത്മജയെ പാര്‍ട്ടിയിലെത്തിച്ചത് ബിജെപി കേന്ദ്ര നേതൃത്വം; സംസ്ഥാന നേതാക്കള്‍ അറിഞ്ഞതേയില്ല: ഗവര്‍ണര്‍ പദവിയടക്കം വാഗ്ദാനം

പത്മജയെ പാര്‍ട്ടിയിലെത്തിച്ചത് ബിജെപി കേന്ദ്ര നേതൃത്വം; സംസ്ഥാന നേതാക്കള്‍ അറിഞ്ഞതേയില്ല: ഗവര്‍ണര്‍ പദവിയടക്കം വാഗ്ദാനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത് ഗവര്‍ണര്‍ പദവിയടക്കമുള്ള സ്ഥാനമാനങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറിവോടെ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയത്. ഈ ചര്‍ച്ചകളിലാണ് പത്മജയ്ക്ക് വന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചത്.

ബിജെപിയുടെ സംസ്ഥാന നേതൃത്വം പത്മജയുടെ കൂടുമാറ്റം അവസാന നിമിഷമാണ് അറിഞ്ഞത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പല തവണയാണ് പത്മജ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിവരവും പുറത്തു പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ അതികായനായിരുന്ന കെ. കരുണാകരനെപ്പോലുള്ള ഒരാളുടെ മകള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാലാണ് വന്‍ ഓഫര്‍ നല്‍കി പത്മജയെ പാളയത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉപാധികളൊന്നുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നാണ് പത്മജ പറയുന്നത്. ഗവര്‍ണര്‍ പദവിക്ക് പുറമേ ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കണം എന്ന നിര്‍ദേശവും ബിജെപി പത്മജയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മോഡിയുമായി പത്മജ അധികം വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തും. ഇതിലായിരിക്കും കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാവുക.

പത്മജ കോണ്‍ഗ്രസ് വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ഇന്ന് രാവിലെയാണ് അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നായിരുന്നു പത്മജയുടെ പ്രതികരണം. അവസാനവട്ട അനുരഞ്ജന നീക്കത്തിന് കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.