യാത്രാ ക്ലേശത്തിന് പരിഹാരം: വളഞ്ഞ റെയില്‍പാത മൂന്ന് മാസത്തിനകം നിവര്‍ത്തും

യാത്രാ ക്ലേശത്തിന് പരിഹാരം: വളഞ്ഞ റെയില്‍പാത മൂന്ന് മാസത്തിനകം നിവര്‍ത്തും

തിരുവനന്തപുരം: മലയാളികളുടെ ട്രെയിന്‍ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു. റെയില്‍പ്പാതയിലെ വളവുകള്‍ നിവര്‍ത്തുന്ന നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-മംഗളൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്ന നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്ലിയാല്‍ വ്യക്തമാക്കി.

വളവുകള്‍ നിവരുന്നതോടെ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. ഘട്ടം ഘട്ടമായി കേരളത്തിലെ ട്രെയിനുകളുടെ വേഗത ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് റെയില്‍വേ മുന്നോട്ടു പോകുന്നത്. ആദ്യം 110 കിലോമീറ്ററായും പിന്നീട് 130 കിലോ മീറ്ററായും ട്രെയിനുകളുടെ വേഗത ഉയര്‍ത്തും. പിന്നീട് ഇത് 160 കിലോമീറ്ററാക്കി ഉയര്‍ത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

സമയം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെയിനുകള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ നിവര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു. തങ്ങളുടെ ഡിവിഷന് കീഴിലെ റെയില്‍വേ ലൈനുകളില്‍ അനുവദനീയമായ പരമാവധി വേഗത 110 കിലോമീറ്ററാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ - മംഗളൂരു റീച്ചില്‍ 306.57 കിലോമീറ്റര്‍ പാതയില്‍ 288 വളവുകളാണ് നിവര്‍ത്തുന്നത്. നേരത്തെ കേരളത്തില്‍ ആദ്യ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ട്രെയിനുകളുടെ വേഗത ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.

സംസ്ഥാനത്ത് വന്ദേ ഭാരത് എക്‌സ്പ്രസ് കടന്നു പോകുന്നതിന് മറ്റു ട്രെയിനുകള്‍ വൈകുന്നുവെന്ന ആരോപണം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നിഷേധിക്കുകയും ചെയ്തു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.