ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഉന്നതതല സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഉന്നതതല സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' മാര്‍ഗരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2029 ഓടെ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സമിതിയുടെ നിര്‍ദേശം.

18,000 പേജുകളും എട്ട് വോളിയങ്ങളുമുള്ള റിപ്പോര്‍ട്ടാണിത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് വിശദ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.

വെറുതെ സാധ്യതകള്‍ നിര്‍ദേശിക്കുന്നതിന് പകരം എങ്ങനെ വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിക്കാമെന്നാണ് സമിതി പഠിച്ചത്. ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള തുടര്‍ നടപടികള്‍ സമിതി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ക്രിയാത്മകമായ അവിശ്വാസ വോട്ടിന്റെ ജര്‍മ്മന്‍ മാതൃകയും സമിതി ചര്‍ച്ച ചെയ്തു. അവിടെ ഒരു പിന്‍ഗാമിക്ക് അനുകൂലമായ വിശ്വാസവോട്ട് ഉണ്ടെങ്കില്‍ അധികാരിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാം. എന്നാല്‍ അത് ശുപാര്‍ശ ചെയ്യേണ്ടെന്നാണ് തീരുമാനിച്ചത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പാനല്‍ കണ്ടെത്തി.

ലോ കമ്മീഷന്‍ 2018 ലെ കരട് റിപ്പോര്‍ട്ടില്‍, സര്‍ക്കാരുകളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗമായി 'അവിശ്വാസ പ്രമേയ വോട്ട്' ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍, വ്യവസായികള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി പാനല്‍ ചര്‍ച്ച നടത്തി.

ജനുവരിയില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. രാജ്യത്ത് നിന്ന് 20,972 പ്രതികരണങ്ങള്‍ ലഭിച്ചതായും അതില്‍ 81 ശതമാനവും ഒറ്റതവണ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

രണ്ട് തവണയെങ്കിലും യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെങ്കിലും രേഖാമൂലം മറുപടി അയക്കുക മാത്രമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

ലോക്‌സഭ, സംസ്ഥാന നിയമ സഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം 2023 സെപ്റ്റംബറിലാണ് സമിതിയെ നിയോഗിച്ചത്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ. സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതി അംഗങ്ങളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.