ന്യൂഡല്‍ഹി: റഷ്യന്‍ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് (24) ടിനു (25), വിനീത് (24) എന്നിവരാണ് റഷ്യയില്‍ കുടുങ്ങിയത്. ഇതില്‍ യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിന് മുഖത്ത് വെടിയേറ്റതായി സൂചനയുണ്ട്.
തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് വഴിയാണ് ഇവര്‍ റഷ്യയിലേക്കു പോയത്. മനുഷ്യക്കടത്ത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജനുവരി മൂന്നിനാണ് ആര്‍മി സെക്യൂരിറ്റി ഹെല്‍പര്‍ ജോലിക്കായി ഇവര്‍ റഷ്യയിലേയ്ക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിലെത്തിച്ചത്.
റഷ്യയിലെത്തിയ ഇവര്‍ ആദ്യത്തെ ഒരാഴ്ച വീട്ടിലേക്കു ഫോണ്‍ വിളിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അതിനു ശേഷം ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം
മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം 15 ദിവസത്തോളം സൈനിക പരിശീലനം നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു.
ട്രെയിനിങ്ങിന് ശേഷം പ്രിന്‍സിനെയും വിനീതിനെയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റി. ഇതിനിടെയാണ് യുദ്ധം നടന്ന സ്ഥലത്ത് വച്ച് പ്രിന്‍സിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ചികിത്സയിലിരിക്കെ ഫോണ്‍ ലഭ്യമായതോടെയാണ് പ്രിന്‍സ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങള്‍ ബന്ധുക്കളെ അറിയിച്ചതും.
തൊഴില്‍ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വ്വം പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതായി ബന്ധുക്കള്‍ പറയുന്നു.
റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവല്‍ ഏജന്‍സി ഓഫിസുകള്‍ സി.ബി.ഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികളാണ് അടച്ചുപൂട്ടിയത്. റഷ്യന്‍ സര്‍ക്കാരിന് കീഴില്‍ ഓഫിസ് ജോലി, ഹെല്‍പര്‍, സെക്യൂരിറ്റി ഓഫിസര്‍ ജോലികളായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനല്‍കി. 1.95 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവന്‍സും ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇവര്‍ റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.