ഐഎസില്‍ ചേരാന്‍ പോവുകയാണെന്ന് കുറിപ്പ്: കാണാതായ ഐഐടി വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

ഐഎസില്‍ ചേരാന്‍ പോവുകയാണെന്ന് കുറിപ്പ്: കാണാതായ ഐഐടി വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

ഗുവാഹട്ടി: ഐഎസില്‍ ചേരാന്‍ പോവുകയാണെന്ന കുറിപ്പ് പങ്കുവച്ച ശേഷം കാണാതായ ഐഐടി വിദ്യാര്‍ഥിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹട്ടി ഐഐടിയിലെ നാലാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിയായ ഡല്‍ഹി സ്വദേശിയെയാണ് അസമിലെ ഹാജോയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇന്നിലാണ് ഐഎസ് അനുകൂല കുറിപ്പ് വിദ്യാര്‍ഥി പങ്കുവച്ചത്. താന്‍ ഐഎസില്‍ ചേരാന്‍ പോവുകയാണെന്നായിരുന്നു വിദ്യാര്‍ഥി കുറിപ്പില്‍ പങ്കുവച്ചത്. സമാന സ്വഭാവമുള്ള ഇ മെയില്‍ സന്ദേശം പൊലീസിനും അയച്ചു. ഇത് ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വിദ്യാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഐഐടി അധികൃതരെ പൊലീസ് ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ വിദ്യാര്‍ഥി ക്യാമ്പസില്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ഇതോടെ വിദ്യാര്‍ഥിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ വ്യാപമാക്കുകയും ഗുവാഹട്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിയെ പൊലീസ് സംഘം പിടികൂടിയത്. ഇതിനുപിന്നാലെ വിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറിയിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് ഐഎസ് പതാകയ്ക്ക് സമാനമായ കറുത്ത നിറത്തിലുള്ള പതാകയും ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഐഎസിന്റെ ഇന്ത്യയിലെ തലവനെന്ന് അറിയപ്പെടുന്ന ഹാരിസ് ഫാറൂഖിയെയും കൂട്ടാളികളെയും കഴിഞ്ഞ ബുധനാഴ്ച അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇയാളെ അസമിലെ ദുബ്രിയില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.