തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ നിന്നും മദ്യപന്‍ ചവിട്ടി താഴെയിട്ട് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. യുവതിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ ആരോഗ്യനില പൂര്‍ണമായും ഭേദമായിട്ടില്ല എന്നാണ് വിവരം. കേരള എക്‌സ്പ്രസില്‍ വര്‍ക്കലയില്‍ ഇന്നലെ രാത്രി ഒമ്പതിനായിരുന്നു സംഭവം.
തിരുവനന്തപുരം പേയാട് സ്വദേശിയായ ശ്രീക്കുട്ടി(19) യെ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന് യാതൊരു മുന്‍പരിചയവും ഇല്ലായിരുന്നു എന്നാണ് പൊലീസും റെയില്‍വെ വൃത്തങ്ങളും നല്‍കുന്ന വിവരം.
കോട്ടയത്ത് നിന്നാണ് സുരേഷ് കുമാര്‍ കേരളാ എക്സ്പ്രസില്‍ കയറിയത്. പരിക്കേറ്റ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും കയറിയത് ആലുവയില്‍ നിന്നാണ്. പെയിന്റ് തൊഴിലാളിയാണ് പ്രതി. മദ്യപിച്ച് ബോധമില്ലാതെയാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്.
ഇന്നലെ രാത്രി 8.30ന് വര്‍ക്കല സ്റ്റോപ്പില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും ടോയ്ലെറ്റിലേക്ക് പോയി.
ശ്രീക്കുട്ടിയെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്ലെറ്റില്‍ കയറി. ഇതിനിടെ ടോയ്‌ലറ്റില്‍ കയറാനെത്തിയ പ്രതി വഴിയില്‍ നിന്ന് മാറിയില്ല എന്ന കാരണം പറഞ്ഞ് ശ്രീക്കുട്ടിയെ മുതുകില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
യാത്രക്കാര്‍ തന്നെ പ്രതിയെ കീഴ്പ്പെടുത്തി കൊച്ചുവേളിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണ കാരണമറിയാന്‍ കൂടുതല്‍ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഇയാള്‍ മുന്‍പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും.
സംഭവമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയന്തി പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം കൊല്ലം ഭാഗത്തേക്ക് പോയ മെമുവില്‍ കയറ്റി വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.