അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടി: എഎഫ്എയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മന്ത്രി

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും;  അറിയിപ്പ് കിട്ടി: എഎഫ്എയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന്  മന്ത്രി

മലപ്പുറം: മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം അടുത്ത മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രണ്ട് ദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ) ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗണ്‍സ്മെന്റ് നടത്തുമെന്നും അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി സ്പോര്‍ട്സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ വരുമെന്നറിയിച്ച ദിവസം അര്‍ജന്റീന ആഫ്രിക്കന്‍ രാജ്യമായ അങ്കോളയില്‍ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനെത്തും. നവംബര്‍ 14 ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അങ്കോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗോട്ട് ടൂര്‍ 2025 ന്റെ ഭാഗമായി മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്. മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരുമുണ്ടെന്നാണ് വിവരം. ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഡിസംബര്‍ 12 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകും.

പ്രമുഖ സ്പോര്‍ട്സ് സംരംഭകനും ഗോട്ട് ടൂര്‍ 2025 ന്റെ സംഘാടകനുമായ സതാദ്രു ദത്തയാണ് മെസിയെ ഇന്ത്യയിലെത്തിക്കുന്നത്. മുന്‍പ് പെലെ, ഡീഗോ മാറഡോണ എന്നിവരെയുള്‍പ്പെടെ ദത്ത ഇന്ത്യയിലെത്തിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.