പാലക്കാട് ബിജെപിയെ പുറത്താക്കാന്‍ യുഡിഎഫ് - എല്‍ഡിഎഫ് നീക്കം; സ്വതന്ത്രനെ പിന്തുണച്ചേക്കും

പാലക്കാട് ബിജെപിയെ പുറത്താക്കാന്‍ യുഡിഎഫ് - എല്‍ഡിഎഫ് നീക്കം; സ്വതന്ത്രനെ പിന്തുണച്ചേക്കും

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നുള്ള രാഷ്ട്രീയ നീക്കം. ഇരു മുന്നണികളും സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും.

അമ്പത്തിമൂന്ന് അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. യുഡിഎഫിന് 17 ഉം സിപിഎമ്മിന് എട്ടും സീറ്റുകളുണ്ട്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടി.

കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകള്‍ വേണമെന്നിരിക്കെയാണ് എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രന് പിന്തുണ നല്‍കി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത്. 48-ാം വാര്‍ഡില്‍ വിജയിച്ച എച്ച്. റഷീദിന് പിന്തുണ നല്‍കാനാണ് നീക്കം. കോണ്‍ഗ്രസിനോട് ഇടഞ്ഞായിരുന്നു താങ്ങും തണലും എന്ന കൂട്ടായ്മയുടെ പിന്തുണയോടെ എച്ച്. റഷീദ് മത്സരത്തിന് ഇറങ്ങിയത്.

ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ റഷീദ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ ഉരുത്തിരിയുന്നത്. മതേതര പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും പ്രഖ്യാപിച്ചു.

പാലക്കാട് നഗരസഭയില്‍ 2015 ല്‍ ആണ് ബിജെപി ആദ്യമായി അധികാത്തിലെത്തുന്നത്. 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടുകയായിരുന്നു. യുഡിഎഫ് 18, എല്‍ഡിഎഫ് 6, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില.

2020 ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിടിച്ചു. 52 അംഗ നഗരസഭാ കൗണ്‍സിലില്‍ 28 അംഗങ്ങള്‍ ബിജെപിക്ക് ഉണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.