ബംഗളൂരു : കർണാടകയിലെ ബെൽഗാം രൂപതയ്ക്ക് കീഴിലുള്ള രാമപൂർ ഗ്രാമത്തിൽ നിർമ്മിക്കുന്ന കത്തോലിക്കാ ദേവാലയത്തിന് പൊലീസ് സംരക്ഷണം ഒരുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ദേവാലയ നിർമ്മാണത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗദൾ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
രാമപൂർ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജൂലൈ 24 ന് ദേവാലയത്തിനും വൈദികമന്ദിരത്തിനും നിർമ്മാണാനുമതി രേഖാമൂലം നൽകിയിരുന്നു. എന്നാൽ ദേവാലയത്തിന്റെ ഫൗണ്ടേഷൻ പൂർത്തിയായപ്പോൾ നിർമ്മാണത്തിന് പിന്നിൽ മതപരിവർത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു.
ഇതിനെ തുടർന്ന് പഞ്ചായത്ത് അധികാരികൾ നിർമ്മാണം നിർത്തിവയ്ക്കാൻ നിർദേശം നൽകി. വിഷയം രൂക്ഷമായതോടെയാണ് ദേവാലയ അധികൃതർ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. ബെൽഗാം ബിഷപ്പ് ഡറക് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘം കർന്നാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ട് നിവേദനം നൽകി.
പഞ്ചായത്തിന്റെ രേഖാമൂലമുള്ള അനുമതി ഉണ്ടായിട്ടും നിർമ്മാണം തടസപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ക്രമസമാധാന പാലനം ഉറപ്പാക്കാനും നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
ഇതേ കാമ്പസിലാണ് ഹോളി ഫാമിലി ഹൈസ്‌കൂളും ബഥനി സിസ്റ്റേഴ്സ് നടത്തുന്ന കിന്റർഗാർട്ടനും പ്രവർത്തിക്കുന്നത്. സ്‌കൂളിലുള്ള കുരിശും യേശുവിന്റെ ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകൾ മുമ്പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പുതിയ ദേവാലയ നിർമ്മാണത്തോടെ പ്രദേശത്തെ സംഘർഷ സാധ്യത വർധിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.