'ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി'; ട്രംപുമായി ഫോണില്‍ സംസാരിച്ച് മോഡി

'ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി'; ട്രംപുമായി ഫോണില്‍ സംസാരിച്ച് മോഡി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി.

വ്യാഴാഴ്ചയാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ മോഡി സാമൂഹിക മാധ്യമങ്ങളില്‍ വിവരം പങ്കു വെയ്ക്കുകയും ചെയ്തു.

'പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. പ്രാദേശികവും അന്തര്‍ ദേശീയവുമായ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യു.എസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും'- പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, വ്യാപാരം, ഊര്‍ജം തുടങ്ങി പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ കുറിപ്പില്‍ ഇത്തരം വിശദീകരണങ്ങളോ വ്യാപാര മേഖലയിലെ ചര്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങളോ പരാമര്‍ശിച്ചിട്ടില്ല.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് അമേരിക്ക ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യക്കെതിരേ 25 ശതമാനം തീരുവ ചുമത്തിയത്. പിന്നീട് ഇത് 50 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി.

യു.എസിന്റെ നടപടി തീര്‍ത്തും അന്യായമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതേസമയം, ഇന്ത്യ റഷ്യയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ട്രംപും മോഡിയും തമ്മില്‍ സുപ്രധാന ചര്‍ച്ച നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.