ഇസ്ലമാബാദ്: പാകിസ്ഥാന്റെ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ തന്നെ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍.
ഇന്ത്യയുടെ ഭാഗത്തു നിന്നു ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ പാകിസ്ഥാന്‍ കൂടുതല്‍ വേഗതയേറിയതും കഠിനവും തീവ്രവുമായ തിരിച്ചടി നല്‍കുമെന്നാണ് മുനീറിന്റെ ഭീഷണി.
'ഏതെങ്കിലും ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ വെച്ചു പുലര്‍ത്തരുത്'- അസിം മുനീര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പാകിസ്ഥാന്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയെന്ന പുതിയ സ്ഥാനം മുനീര്‍ ഏറ്റെടുത്തത്.
പാകിസ്താന്‍ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും അതേസമയം, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. സായുധ സേനാംഗങ്ങളോട് സംസാരിക്കവെയായിരുന്നു മുനീറിന്റെ പ്രകോപനപരമായ പരാമര്‍ശം.
ചടങ്ങില്‍ പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുനീറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പുതുതായി സ്ഥാപിച്ച പ്രതിരോധ സേനാ ആസ്ഥാനം ചരിത്രപരമായ മാറ്റത്തിന്റെ പ്രതീകമാണെന്നും മുനീര്‍ പറഞ്ഞു.
വളരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ഭീഷണികളെ അഭിമുഖീകരിക്കുമ്പോള്‍ മൂന്ന് സേനകളുടെയും ഏകീകൃത സംവിധാനത്തിന് കീഴില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദേഹം വ്യക്തമാക്കി.
ഓരോ സേനയും അവരുടെ പ്രവര്‍ത്തന സന്നദ്ധത നിലനിര്‍ത്തുമെന്നും പ്രതിരോധ സേനാ ആസ്ഥാനം സേനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു, നാവിക സേന മേധാവി അഡ്മിറല്‍ നവീദ് അഷ്‌റഫ് എന്നിവരടക്കം മൂന്ന് സായുധ സേനകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.