'വോട്ട് ചോരിയില്‍ തന്റെ വെല്ലുവിളിക്ക് അമിത് ഷാ മറുപടി നല്‍കിയില്ല; അദേഹം മാനസിക സമ്മര്‍ദ്ദത്തില്‍': രാഹുല്‍ ഗാന്ധി

'വോട്ട് ചോരിയില്‍ തന്റെ വെല്ലുവിളിക്ക് അമിത് ഷാ മറുപടി നല്‍കിയില്ല; അദേഹം മാനസിക സമ്മര്‍ദ്ദത്തില്‍': രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് ചോരി സംബന്ധിച്ച് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദേഹം മാനസിക സമ്മര്‍ദത്തിലാണെന്നും അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

'മോശം ഭാഷയായിരുന്നു അദേഹം ഉപയോഗിച്ചത്. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതാണ്. അദേഹം മാനസികമായി സമ്മര്‍ദത്തിലാണ്. അതാണ് പാര്‍ലമെന്റില്‍ കണ്ടത്. ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും അദേഹം പരാമര്‍ശിച്ചില്ല. ഒരു തെളിവും നല്‍കിയില്ല.

ഇതെല്ലാം ഞങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്റെ വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അദേഹത്തെ നേരിട്ട് വെല്ലുവിളിച്ചു. പക്ഷേ, മറുപടി കിട്ടിയില്ല. അതിന്റെ യാഥാര്‍ഥ്യം നിങ്ങള്‍ക്കറിയാം'- രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന എസ്ഐആര്‍ ചര്‍ച്ചയെക്കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ അമിത് ഷായും രാഹുലും തമ്മില്‍ ലോക്സഭയില്‍ വാക്പോരും അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

അതേസമയം ആഭ്യന്തര മന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ എംപിമാരും എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് ബിജെപി എംപി ജഗദംബിക പാല്‍ ചോദിച്ചു. എന്തിനാണ് അദേഹം ഓടിപ്പോയത്? ഓടിപ്പോയവരെ രാജ്യം കാണുന്നുണ്ട്.

രണ്ട് ദിവസത്തെ ചര്‍ച്ചയ്ക്കിടെ എസ്ഐആറിനെക്കുറിച്ച് ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും അമിത് ഷാ യാഥാര്‍ഥ്യം വെളിപ്പെടുത്തി മറുപടി നല്‍കി. എസ്ഐആറില്‍ ചിലര്‍ കോടതിയില്‍ പോയപ്പോള്‍ എസ്ഐആര്‍ തടയാന്‍ ഒരു കാരണവുമില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞു. പ്രതിപക്ഷം അവരുടെ പരാജയത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനെയും ഇവിഎമ്മിനെയും എത്രകാലം കുറ്റപ്പെടുത്തുമെന്നും ജഗദാബിക പാല്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.