കൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്ത നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് നല്‍കിയിരിക്കുകയാണ് എറണാകുളം സെഷന്‍സ് കോടതി. സെന്‍ഷേണലിസം കോടതിയെ ബാധിക്കില്ലെന്ന മുഖവുരയോടെ ആയിരുന്നു 1700 പേജുകളടങ്ങിയ വിധി പ്രസ്താവം ജഡ്ജി ഹണി എം. വര്‍ഗീസ് ആരംഭിച്ചത്.
പ്രതികളുടെ കുടുംബം, പ്രായം എന്നിവ പരിഗണിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെല്ലാം നാല്‍പത് വയസില്‍ താഴെയാണെന്ന വിലയിരുത്തിലും ഉണ്ടായി. പ്രതികളുടെ പൂര്‍വകാല ചരിത്രമടക്കം പരിശോധിച്ചാണ് കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് ഒരു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിന് പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ട് ശിക്ഷകളാണ് കോടതി വിധിച്ചത്. ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വര്‍ഷം തടവും ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വര്‍ഷം തടവുമാണ് നല്‍കിയത്. തടഞ്ഞുവെക്കലിന് ഒരു വര്‍ഷം തടവ് പ്രതികള്‍ക്ക് വിധിച്ചപ്പോള്‍ പ്രേരണാകുറ്റത്തിന് പ്രതികളെ ശിക്ഷിച്ചതുമില്ല. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന നിര്‍ദേശവും വിധിയിലുണ്ട്. ഇതോടെയാണ് പ്രതികളുടെ ശിക്ഷാ കാലാവധി 20 വര്‍ഷമായത്.
മാത്രമല്ല ജയിലില്‍ കിടന്ന കാലയളവും ശിക്ഷയായി പരിഗണിക്കും. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഏഴ് വര്‍ഷത്തിലേറെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് കുറച്ചായിരിക്കും ഇനിയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരിക. കേസിലെ അപ്പീല്‍ നടപടികള്‍ കഴിയുന്നതുവരെ ഇരയുടെ പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെളിവിന്റെ ഭാഗമായിരുന്ന നടിയുടെ മോതിരം തിരികെ നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയായിരുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട നടപടിയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു കോടതിയുടെ നടപടി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ആറ് പ്രതികള്‍ക്കും 20 വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചത്. ഇന്ന് രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ട് മണിക്കൂറാണ് വാദം കേട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.