പരസ്യ സംവാദത്തിന് തയ്യാര്‍; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ്

പരസ്യ സംവാദത്തിന് തയ്യാര്‍; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലവും തിയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം.

ലൈഫ് മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍ തുടങ്ങി ഏത് വിഷയങ്ങളിലും സംവാദമാകാമെന്നും നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തു പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്.

എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. അക്കാര്യത്തില്‍ തല ഉയര്‍ത്തി തന്നെയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്.

ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ? ആ രണ്ട് പേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്.

ആരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?

പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?

ഒരു ഡസനിലധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്തു പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദേഹത്തിന്റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.

എന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നത്. പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.